
തിരുവനന്തപുരം: ചുവപ്പുനാടക്കുരുക്ക് അഴിക്കുമെന്ന പ്രഖ്യാപനത്തോടെ അധികാരത്തിലെത്തി ആറ് വര്‍ഷം തികയുമ്പോൾ പിണറായി വിജയൻ (Pinarayi Vijayan) സര്‍ക്കാരിന്റെ മുന്നിലെ പ്രധാന വെല്ലുവിളികളിൽ ഒന്ന് കെട്ടിക്കിടക്കുന്ന സര്‍ക്കാര്‍ ഫയലുകളാണ്. അദാലത്തുകൾ നടത്തിയും പരമാവധി ഇ സേവനങ്ങൾ ലഭ്യമാക്കിയും പ്രശ്ന പരിഹാരത്തിന് നടത്തിയ ശ്രമങ്ങളും വേണ്ടത്ര വിജയം കണ്ടിട്ടില്ല. ഭരണ നിര്‍വ്വഹണത്തിന് സിഎം ഡാഷ്ബോര്‍ഡിന്റെ പ്രഥമിക ചര്‍ച്ചകൾ പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണം അടിയന്തരമായി ഹാജരാക്കാനും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
കാലങ്ങളോളം കെട്ടിക്കിടക്കുന്ന ഫയലുകകളും അവയിൽ കുരുങ്ങിക്കിടക്കുന്ന ജീവിതങ്ങളും. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഉദ്യോഗസ്ഥ അലംഭാവം തുടച്ചു നീക്കുക ഇടത് സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയമായിരുന്നു. സീറ്റിൽ ആളുണ്ടെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ സേവനങ്ങൾ ഓൺലൈനാക്കി ലഘൂകരിക്കാനും അടക്കം എല്ലാം പദ്ധതികൾ പലതുവന്നു. മെഗാ അദാലത്തുകൾ മുതൽ ഉദ്യോഗസ്ഥ വിന്യാസത്തിൽ വരെ മാറ്റങ്ങൾ പരീക്ഷിച്ചു. എന്നിട്ടും ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുന്ന ഫയലുകളുടെ നീക്കത്തിന് പ്രതീക്ഷിച്ച വേഗമില്ല.
സെക്രട്ടേറിയറ്റിലെ 44 വകുപ്പുകളിലായി പ്രതിമാസം ഉണ്ടാകുന്നത് ശരാശരി 20000 ഫയളാണ്. കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കെടുത്താൽ പകുതിയോളം വസ്തു വ്യവഹാരങ്ങളും കെട്ടിട നിര്‍മ്മാണ തര്‍ക്കവും അപ്പീലുകളും. ജീവനക്കാരുടെ സര്‍വ്വീസ് വിഷയങ്ങൾ മാത്രം 20 ശതമാനത്തോളം വരും. അത്യാവശ്യ ഫയലുകൾ മാത്രമാണ് മൂന്ന് മാസത്തിലൊരിക്കൽ നടത്തുന്ന ഫയൽ അദാലത്തുകളിൽ പരിഗണിക്കുന്നത്. കൊവിഡിന് 1.98 ലക്ഷം ഫയലുകൾ പരിഗണിച്ച മെഗാ അദാലത്തിൽ തീര്‍പ്പാക്കിയത് 68000 ഫയൽ മാത്രമാണ്. ഫയൽ നീക്കത്തിന് തടസം അത് പരിഗണിക്കേണ്ട ഉദ്യോഗസ്ഥരുടെ തട്ടുകളാണെന്ന് തിരിച്ചറിഞ്ഞ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ വിന്യാസം പൊളിച്ചെഴുതി. കൊവിഡ് ഭീഷണി അകന്ന് ഓഫീസ് പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടം തീര്‍പ്പാകാതെ കുമുഞ്ഞ് കൂടിയ ഫയലുകളുടെ എണ്ണം അടിയന്തരമായി എടുക്കാൻ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് കഴിഞ്ഞ ദിവസമാണ്.
Also Read: മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; കെ. സുധാകരനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു
സെക്രട്ടേറിയറ്റിലെ 44 പ്രധാന വകുപ്പുകൾ ഓഗസ്റ്റ് 22 നകം ഓൺലൈൻ സര്‍വ്വീസിലേക്ക് മാറണമെന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശമുണ്ട്. 600 ഓളം സേവനങ്ങൾ ഇതിനകം ഡിജിറ്റലായി. സെക്രട്ടേറിയറ്റിന് പുറത്തുള്ള 300 ഓളം സര്‍ക്കാര്‍ ഓഫീസുകൾ കൂടി ഓൺലൈനാകുന്നതോടെ സിഎം ഡാഷ്ബോര്‍ഡിലേക്ക് മാറ്റം സാധ്യമാകുമെന്നാണ് കണക്കുകൂട്ടൽ. ഗുജറാത്ത് മോഡലിന്റെ നല്ല വശങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീരുമാനം.
എല്ലാ സ്ഥാപനങ്ങളിലെയും ബയോമെട്രിക്ക് പഞ്ചിംഗ് മെഷീൻ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാൻ സര്‍ക്കാര്‍ അന്ത്യശാസനം നൽകിയിട്ടുണ്ട്. ഫയൽ നീക്കം കാര്യക്ഷമമാക്കാനും ഉദ്യോഗസ്ഥരുടെ കാര്യക്ഷമത ഉറപ്പാക്കാനും സ്വീകരിക്കുന്ന നടപടികൾ ഭരണനിര്‍വ്വഹണത്തിൽ എന്ത് ഗുണമുണ്ടാക്കുമെന്നാണ് ഇനി അറിയാനുള്ളത്.