കൂളിമാട് പാലത്തിന്‍റെ ബീം തകര്‍ന്ന സംഭവം; നിര്‍മ്മാണത്തില്‍ പിഴവുണ്ടായിട്ടില്ലെന്ന് ഊരാളുങ്കല്‍ സൊസൈറ്റി

By Web TeamFirst Published May 19, 2022, 9:43 AM IST
Highlights

കൂളിമാട് പാലത്തിൽ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം നടത്തുന്ന പരിശോധന ഇന്നും തുടരും. നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുക. നിർമ്മാണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും.

കോഴിക്കോട്: നിർമ്മാണത്തിനിടെ കൂളിമാട് പാലത്തിന്‍റെ ബീം തകര്‍ന്ന സംഭവത്തില്‍ പ്രതികരിച്ച് ഊരാളുങ്കല്‍ സൊസൈറ്റി. നിര്‍മ്മാണത്തില്‍ പിഴവുണ്ടായിട്ടില്ലെന്ന് ഊരാളുങ്കല്‍ സൊസൈറ്റി സിഇഒ സുനില്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാങ്കേതിക തകരാറാണ് പ്രശ്നമെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, കൂളിമാട് പാലത്തിൽ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം നടത്തുന്ന പരിശോധന ഇന്നും തുടരും. നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുക. നിർമ്മാണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും. ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് കേരള റോഡ് ഫണ്ട്‌ ബോർഡ് സർക്കാരിന് നൽകിയ റിപ്പോർട്ട്.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കോഴിക്കോട് കൂളിമാട് പാലം തകർന്നതിൽ വിശദീകരണവുമായി കിഫ്ബിയും രംഗത്തെത്തിയിരുന്നു. ഹൈട്രോളിക് ജാക്കിയുടെ യന്ത്രത്തകരാറാണ് പാലം തകരാൻ കാരണം. ഗർഡറുകൾ ഉയർത്താൻ ഉപയോഗിച്ച ഹൈട്രോളിക് ജാക്കി പ്രവ‍ർത്തിപ്പിക്കുന്നതിലെ  നൈമിഷികമായ വീഴ്ച അപകടത്തിൽ കലാശിച്ചു. നിർമ്മാണത്തിൽ ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരത്തിൽ വീഴ്ചയില്ല. ഗുണനിലവാര മാനദണ്ഡങ്ങൾ തൃപ്തികരമെന്നും കിഫ്ബി ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു. എന്നാല്‍,  പാലം തകരാനുണ്ടായ കാരണം ഹൈഡ്രോളിക്  ജാക്കിയുടെ പിഴവാണോ എന്ന് വിശദപരിശോധനക്ക് ശേഷമേ വ്യക്തമാകൂ എന്ന് പി ഡബ്യുജി വിജിലൻസ് വിഭാഗം അറിയിച്ചു.  തകർന്ന ബീമുകൾക്ക് പകരം പുതിയത് സ്ഥാപിക്കേണ്ടിവരുമെന്നും കൂടിമാട് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസ് വിജിലൻസും ഇന്നലെ സ്ഥലത്ത് പരിശോന നടത്തിയിരുന്നു. 

കോഴിക്കോട് - മലപ്പുറം ജില്ലകളിലെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലത്തിന്‍റെ മൂന്ന് പ്രധാന ബീമുകളാണ് കഴിഞ്ഞ ദിവസം തകർന്ന് വീണത്. അടിയന്തിര അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർദേശിച്ചതിന്‍റെ തൊട്ടു പുറകെയാണ് ആഭ്യന്തര അന്വേഷണ വിഭാഗം പരിശോധനയ്ക്ക് എത്തിയത്. തകർന്ന ബീമുകള്‍, പാലത്തിന്‍റെ ശേഷിക്കുന്ന ഭാഗം എന്നിവ വിജിലൻസ് സംഘം ഇന്നലെ പരിശോധിച്ചു. നിർമാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെത് ഉൾപ്പെടെ വിശദമൊഴി സംഘം രേഖപ്പെടുത്തും. പാലത്തിന് ഘടനാപരമായ പ്രശ്നങ്ങളോ നിർമാണത്തിൽ അപാകത ഉണ്ടോ എന്ന് തുടർ പരിശോധനകളിൽ വ്യക്തമാകും. വിവര ശേഖരണം നടത്തുന്നതിന്‍റെ ഭാഗമായി പരിസര വാസികളിൽ നിന്നുൾപ്പെടെ സംഘം വരും ദിവസങ്ങളിൽ മൊഴിയെടുക്കും. മാധ്യമ വാർത്തകളുടെയുൾപ്പെടെ അടിസ്ഥാനത്തിൽ കോഴിക്കോട്ട് നിന്നുളള വിജിലൻസ് സംഘവും സ്ഥലത്ത് പരിശോധന നടത്തി. പ്രവർത്തിയിൽ ഏതെങ്കിലും രീതിയിലുളള ക്രമക്കേടുകൾ നടന്നോ എന്ന് കണ്ടെത്തുന്നതിന്‍റെ ഭാഗമായാണിത്. നിലവിൽ വിജിലൻസ് കേസെടുത്തിട്ടില്ല. ഹൈഡ്രോളിക് ജാക്കിക്ക് വന്ന പിഴവ് എന്നാണ് റോഡ് ഫണ്ട്‌ ബോർഡ് നൽകിയ പ്രാഥമിക റിപ്പോർട്ട് എന്നാണ് സൂചന. ഇതുൾപ്പെടെ പരിഗണിച്ച ശേഷമാകും പൊതുമരാമത്ത് വകുപ്പ് വിജിലൻസ് സംഘം സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകുക.

Also Read: ചിലര്‍ക്ക് ഇപ്പോഴും പാലാരിവട്ടം ഹാങ്ങോവര്‍ മാറിയിട്ടില്ല;മന്ത്രി മുഹമ്മദ് റിയാസ്

കൂളിമാട് പാലത്തിന്‍റെ തകർച്ചയിൽ വെട്ടിലായി സർക്കാർ

കൂളിമാട് കടവ് പാലത്തിന്‍റെ തകര്‍ച്ചയാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷിക വേളയില്‍ പൊതുമരാമത്ത് വകുപ്പിനെ വെട്ടിലാക്കുന്നത്. അപകടത്തിന് പിന്നാലെ പ്രഖ്യാപിച്ച അന്വേഷണം സംബന്ധിച്ചും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. നിലവില്‍ ഒന്നിലേറെ പാലങ്ങള്‍ ഉളള പ്രദേശത്താണ് 25 കോടി രൂപ ചെലവിട്ട് പുതിയൊരു പാലം നിര്‍മിച്ചത് എന്നത് വകുപ്പിന്‍റെയും കിഫ്ബിയുടെയും കാര്യക്ഷമത സംബന്ധിച്ചും ചോദ്യങ്ങളുയര്‍ത്തുന്നു. 

കിഫ്ബി ഫണ്ട് ഉപയോഗിച്ച് കോഴിക്കോട്ട് നിര്‍മിക്കുന്ന പ്രധാന പദ്ധതികളിലൊന്നായിരുന്നു കൂളിമാട് പാലം. വാര്‍ഷിക വേളയില്‍ സര്‍ക്കാരിന്‍റെ വലിയ നേട്ടമായി അവതരിപ്പിക്കാനിരുന്ന പദ്ധതി. കൂളിമാട് കടവ് പാലത്തിന്‍റെ മൂന്ന് ബിമുകളില്‍ വന്ന തകര്‍ച്ച 25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഈ പദ്ധതിയെക്കുറിച്ച് മാത്രമല്ല പൊതുമരാമത്ത് വകുപ്പിന്‍റെ ആകെ പ്രവര്‍ത്തനങ്ങളെക്കൂടിയാണ് സജീവ ചര്‍ച്ചയിലേക്കും സൂക്ഷ്മ നിരീക്ഷണത്തിലേക്കും കൊണ്ടുവരുന്നത്. 

2019 മാര്‍ച്ച് മാസം നിര്‍മാണം തുടങ്ങിയ പദ്ധതി. കേരള റോഡ് ഫണ്ട് ബോര്‍ഡിനായിരുന്നു നിര്‍മാണച്ചുമതല. ഐഎസ്ഓ 9001 അംഗീകാരമുളള പ്രമുഖ കമ്പനിയും മുന്‍കൂര്‍ യോഗ്യതയുളള കരാറുകാരുമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസിറ്റിക്കാണ് കരാര്‍ കിട്ടിയത്. സര്‍ക്കാരിന്‍റെയും പൊതുമരാമത്ത് വകുപ്പിന്‍റെയും അഭിമാന പദ്ധതികളിലൊന്നായി അവതരിപ്പിക്കാനിരുന്ന ഈ പാലത്തിന്‍റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ എത്തിയിരുന്നത് റോഡ് ഫണ്ട് ബോര്‍ഡിന്‍റെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥര്‍. ഇത്രയെല്ലാമായിട്ടും പാലത്തിന്‍റെ പ്രധാന മൂന്ന് ബീമുകളാണ് തകര്‍ന്ന് വീണത്. 25 ലക്ഷം രൂപ വീതം ചെലവിട്ട് നിര്‍മിച്ച ബീമുകളാണ് തകര്‍ന്നത്. 

click me!