ചുവപ്പുനാടയില്‍ കുരുങ്ങിയ ജീവിതം; മന്ത്രിയുടെ ഉത്തരവിനും വിലയില്ല, നഷ്ടപരിഹാരം കാത്ത് മത്സ്യത്തൊഴിലാളി

By Web TeamFirst Published Jul 18, 2021, 10:10 AM IST
Highlights

മന്ത്രി ഉത്തരവിട്ടിട്ടും ഉദ്യോഗസ്ഥർ കെട്ടിയ ചുവപ്പുനാട അഴിക്കാനാവാതെ മത്സ്യത്തൊഴിലാളി. കൊല്ലം സ്വദേശി സിറിൾ ഡൊമിനിക് അർഹതപ്പെട്ട നഷ്ടപരിഹാരത്തിനായി സർക്കാര്‍ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് പതിനാറ് വർഷം.

കൊല്ലം: ഓരോ ഫയലിലും ഉളള മനുഷ്യജീവിതങ്ങളെ പറ്റി ഓര്‍മിപ്പിക്കുന്ന മുഖ്യമന്ത്രിക്ക് മുന്നിലേക്ക്, ഫയലില്‍ കുരുങ്ങിക്കിടക്കുന്ന ഒരു മത്സ്യത്തൊഴിലാളിയുടെ ജീവിത ദുരിതം അവതരിപ്പിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട നഷ്ടപരിഹാരത്തിനായി 16 വര്‍ഷമായി ഓഫീസുകളും കോടതി വരാന്തകളും കയറി ഇറങ്ങുകയാണ് കൊല്ലം തേവലക്കര സ്വദേശി സിറിൾ ഡൊമിനിക്. ജനാധിപത്യമോ അതോ ഉദ്യോഗസ്ഥ ഭരണമാണോ നാട്ടില്‍ നടക്കുന്നതെന്ന് ചോദിക്കുകയാണ് ഇദ്ദേഹം.

തന്‍റെ ഉപജീവനമാര്‍ഗമായ ചീനവല ദേശീയ ജലപാതയ്ക്കായി നീക്കം ചെയ്തു കൊടുത്തയാളാണ് ഈ വയോധികന്‍. 16 വര്‍ഷം മുമ്പ് 1,00,000 രൂപ നഷ്ടപരിഹാരം കിട്ടി. തുക കുറവാണെന്നും 2,50,000 ലക്ഷം തന്നെ കൊടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടെങ്കിലും വിധി നടപ്പായില്ല. ഒടുവില്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാന കാലത്ത് അന്നത്തെ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ തന്നെ സിറിള്‍ ഡൊമിനിക്കിന് അടിയന്തരമായി ഒന്നര ലക്ഷം രൂപ കൂടി നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടു. അതും കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ നടത്തിയ സാന്ത്വന സ്പര്‍ശം അദാലത്തിലാണ്. പക്ഷേ മന്ത്രിയുടെ ഉത്തരവ് വന്നിട്ട് പോലും ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് കുലുക്കമില്ല.

ഉദ്യോഗസ്ഥര്‍ വെറുപ്പിക്കല്‍ തുടര്‍ന്നപ്പോള്‍ ഉത്തരവിട്ട മന്ത്രിയെ സിറിള്‍ വീണ്ടും വിളിച്ചു. മന്ത്രി ഉത്തരവിട്ട സ്ഥിതിക്ക് ഇനി കാശിന് തടസമില്ലെന്ന മേഴ്സിക്കുട്ടിയമ്മ ആവര്‍ത്തിച്ചെങ്കിലും ഇതുവരെയും നടപടി ഒന്നും ഉണ്ടായില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!