കൊച്ചി: അബ്കാരി ചട്ടങ്ങള്‍ ലംഘിച്ച് മദ്യം വിളമ്പാന്‍ വിദേശ വനിതകളെ ഏര്‍പ്പാടാക്കിയ കൊച്ചിയിലെ ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തു. വിദേശത്തുനിന്നുളള യുവതികളെയടക്കമെത്തിച്ച് മദ്യവിതരണം നടത്തിയത് ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍. ഡാന്‍സ് പബ് എന്ന പേരിലായിരുന്നു ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്.
കൊച്ചി ഷിപ് യാര്‍ഡിനടുത്തുളള ഹാര്‍ബര്‍ വ്യൂ ഹോട്ടല്‍ ഇക്കഴിഞ്ഞ ദിവസമാണ് ഫ്‌ലൈ ഹൈ എന്ന പേരില്‍ നവീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ പബ് എന്ന പേരിലായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം. സിനിമാമേഖലയിലെ നിരവധിപ്പേരെ സ്‌പെഷ്യല്‍ ഗസ്റ്റുകളായി അണിനിരത്തിയിരുന്നു. ഒപ്പം ചടുലന്‍ നൃത്തത്തിന്റെ അകമ്പടിയും ഉണ്ടായി.
ഈ ഡാന്‍സ് ബാറിലാണ് മദ്യവിതരണത്തിനായി വിദേശത്തുനിന്നടക്കം യുവതികളെ എത്തിച്ചതെന്നാണ് ആരോപണം. ഇന്നലെ രാത്രിയാണ് കൊച്ചിയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറില്‍ പരിശോധന നടത്തിയത്. മദ്യവിതരണത്തിനായി യുവതികളെ നിയമിച്ചത് അബ്കാരി ചട്ടലംഘനമാണെന്ന കണ്ടെത്തലോടെയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീകളെ മദ്യവിതരണത്തിന് നിയമിക്കരുത് എന്നാണ് നിലവിലെ കേരളത്തിലെ അബ്കാരി ചട്ടം. ഇത് കൂടാതെ സ്റ്റോക് രജിസ്റ്ററടക്കം നിയമപരമല്ലെന്നും പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബാര്‍ ലൈസന്‍സ് സംബന്ധിച്ച് തുടര്‍ നടപടിയ്ക്കായി എക്‌സൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട് നല്‍കും. അബ്കാരി ചട്ടം ഇത്തരത്തിലാണെങ്കിലും യുവതികളെ മദ്യവിതരണത്തിന് നിയോഗിക്കാന്‍ വിലക്കില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നാണ് ഹോട്ടല്‍ അധികൃതരുടെ വാദം. എന്നാല്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലിന് ഹൈക്കോടതി അനുവദിച്ച ഇളവ് സംസ്ഥാനത്തെ മുഴുവന്‍ ബാറുകള്‍ക്കും ബാധകമല്ലെന്നാണ് എക്‌സൈസ് നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam