
പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരായ അനധികൃത സ്വത്ത് സമ്പാദന അന്വേഷണത്തിൽ പ്രതികരണവുമായി അദ്ദേഹത്തിൻ്റെ കുടുംബം. വിവാദമായ ഫാമിന് പണം മുടക്കിയത് താനാണെന്ന് ജയന്റെ മരുമകൻ അനീഷ് കുമാർ പറഞ്ഞു. 78 ലക്ഷം രൂപയാണ് ഫാമിനായി ചെലവായത്. ഇതിൽ 4.5 ലക്ഷം മാത്രമാണ് എ.പി ജയൻ മുടക്കിയത്. ബാക്കി പണം മുടക്കിയത് തന്റെ സുഹൃത്തുകളാണെന്നും അനീഷ് കുമാര്‍ പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി നടത്തിയ ആദ്യഘട്ട അന്വേഷണത്തിൽ കെ.കെ അഷറഫിനെ ബോധ്യപ്പെടുത്തിയതാണെന്നും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ആരോപണങ്ങൾ തെറ്റാണെന്ന് അഷറഫ് തങ്ങളെ അറിയിക്കുകയും ചെയ്തതാണെന്നും അനീഷ് കുമാര്‍ പറയുന്നു. എ.പി ജയനെ രാഷ്ട്രീയമായി തകർക്കാനുള്ള ഗൂഢാലോചനയാണ് വീണ്ടും അന്വേഷണ കമ്മീഷനെ നിയോഗിക്കാൻ കാരണമെന്നും ഫാം തുടങ്ങുന്നതിന് മുന്പ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അനുവാദം വങ്ങിയിരുന്നെന്നും അനീഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
പാർട്ടിക്ക് വേണ്ടി അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് ആദ്യം അന്വേഷിച്ച കെ.കെ അഷ്റഫ് എ.പി ജയനോട് സംസാരിക്കുന്നതിൻ്റെ ശബ്ദരേഖയും ഇതോടൊപ്പം പുറത്തു വന്നിട്ടുണ്ട്. അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ല എന്ന് അഷറഫ് ജയനോട് പറയുന്നതാണ് ശബ്ദരേഖ. അന്വേഷണ റിപ്പോർട്ട് പരിഗണിക്കുമ്പോൾ ഒന്നും ഇല്ലെന്ന് സംസ്ഥാന എക്സിക്യൂട്ടീവ്ന് ബോധ്യമാകും എന്നും അഷറഫ് സംഭാഷണത്തിൽ പറയുന്നുണ്ട്.
അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരെ വിശദമായ അന്വേഷണത്തിന് പാര്‍ട്ടി കമ്മീഷനെ നിയോഗിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ മരുമകൻ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. നാലംഗ കമ്മീഷനെ അന്വേഷണത്തിനായി നിയമിക്കാനാണ് ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്. കെ.കെ അഷ്റഫ്, ആർ.രാജേന്ദ്രൻ, സി.കെ ശശീധരൻ, പി വസന്തം എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് വിശദമായ അന്വേഷണം നടത്താൻ പാര്‍ട്ടി തീരുമാനിച്ചത്. എ.പി ജയനെതിരായ അനധികൃത സ്വത്ത് സമ്പാദനത്തിൽ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ നേരത്തെ പാര്‍ട്ടി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിനു തുടര്‍ച്ചയായാണ് അടുത്ത ഘട്ടത്തിലെ അന്വേഷണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam