
കൊച്ചി/മലപ്പുറം: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയോടെ ബന്ധുക്കൾ. ബന്ദർ അബ്ബാസ് തുറമുഖത്ത് കപ്പൽ അടുപ്പിച്ചതായി ബ്രിട്ടീഷ് കമ്പനി അറിയിച്ചെങ്കിലും പിന്നീട് വിവരമൊന്നുമില്ല. കപ്പലിലുണ്ട് എന്ന് കരുതപ്പെടുന്ന മറ്റ് രണ്ട് മലയാളികളെ തിരിച്ചറിയാനായിട്ടില്ല. അതേസമയം, മുപ്പത് ദിവസം കഴിഞ്ഞ് വിട്ടയക്കുമെന്ന് വാർത്തകൾ വരുമ്പോഴും ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പൽ ഗ്രേസ് വണ്ണിലുള്ള മലയാളികളുടെ കുടുംബങ്ങളും ആശങ്കയിലാണ്.
ആശങ്കയുടെ രാപ്പകലുകൾ
ഹോർമുസ് കടലിടുക്കിലൂടെ പോയ ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്തതായി ഇറാൻ തന്നെ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ ഇന്നലെ രാത്രി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചൻ അടക്കം 18 ഇന്ത്യക്കാരാണ് കപ്പലിലുളളത്. എല്ലാവരും സുരക്ഷിതരാണെന്നും ഇവരെ അറസ്റ്റ് ചെയ്തെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും ഇന്നലെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
പക്ഷേ, ഇവർ എത്രത്തോളം സുരക്ഷിതരാണെന്നതിൽ വീട്ടുകാർ അങ്കലാപ്പിലാണ്. വെളളിയാഴ്ച രാത്രി കപ്പൽ കമ്പനിയിൽ നിന്ന് വിളിച്ചതല്ലാതെ പിന്നീട് വിവരമൊന്നുമില്ല. ലണ്ടനിലുളള ബന്ധുക്കൾ കപ്പൽ കമ്പനി അധികൃതരെ വിളിക്കുന്നുണ്ടെങ്കിലും പുതിയ വിവരം ഒന്നുമില്ല. ഇറാൻ പിടിച്ചെടുക്കും മുമ്പ് ഡിജോ വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ അതിനുശേഷം ഫോൺ സ്വിച്ച് ഓഫാണ്.
ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ സ്വദേശികളായ മറ്റ് രണ്ടുപേർ കൂടി കപ്പലിലുണ്ടെന്ന് ഡിജോ ഒരുമാസം മുമ്പ് വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ ഇവർ ഇപ്പോഴും കപ്പലിലുണ്ടോയെന്ന് വ്യക്തമല്ല. ഫോർട്ടുകൊച്ചി, തൃപ്പൂണിത്തുറ മേഖലകളിൽ പൊലീസ് വിവരം ശേഖരിക്കാൻ ശ്രമം നടത്തിയെങ്കിലും യാതൊരു വിവരവും കിട്ടിയില്ല.
ജീവനക്കാരുടെ വിശദാംശങ്ങൾ സംബന്ധിച്ച് ഇറാനിൽ നിന്ന് ഔദ്യോഗിക മറുപടി പ്രതീക്ഷിക്കുകയാണ് ഇന്ത്യ. ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ലോക്സഭയിൽ ഇന്ന് ആവശ്യപ്പെടുമെന്ന് ഹൈബി ഈഡൻ എം പി അറിയിച്ചു.
മുപ്പത് ദിവസത്തിന് ശേഷം വിടുമോ?
ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പൽ ഗ്രേസ് വൺ മുപ്പത് ദിവസം കസ്റ്റഡിയിൽ വയ്ക്കാനാണ് ജിബ്രാൾട്ടർ സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാൽ ഈ കപ്പലിലുള്ള മലയാളികളുടെ കുടുംബവും ആശങ്കയിലാണ്. ഇവരുടെ മോചനത്തെ കുറിച്ച് ഒരുറപ്പും കിട്ടാത്തതും അധികൃതർ ഇടപെടാൻ വൈകിയതുമാണ് ബന്ധുക്കളുടെ ആശങ്കയ്ക്ക് കാരണം.
ഇറാൻ കപ്പലിലുള്ള ഗുരുവായൂർ സ്വദേശി റെജിനെ കുറിച്ച് ഇതുവരെ വിവരം ലഭ്യമായിട്ടില്ലെന്ന് അച്ഛൻ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓണത്തിന് വരുമെന്ന് കഴിഞ്ഞ മാസം ഫോൺ വിളിച്ചപ്പോള്‍ റെജിന്‍ പറഞ്ഞിരുന്നുവെന്നും പിന്നീട് വിവരം ഒന്നുമില്ലെന്നും രാജൻ പറയുന്നു. അതിനിടെ കപ്പലിൽ നിന്ന് അജ്മൽ സാദിഖ് വാട്ട്സ് ആപ്പ് വഴി ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിച്ചു.
ഇറാൻ കപ്പലായ ഗ്രേസ് വൺ 30 ദിവസം കസ്റ്റഡിയിൽ വെക്കാനാണ് ജിബ്രാൾട്ടർ സുപ്രീംകോടതിയുടെ നിർദ്ദേശം, എന്നാൽ അതിന് ശേഷം എന്ത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല, ബ്രിട്ടൻ കപ്പൽ ഇറാൻ പിടിച്ചെടുക്കുകയും മലയാളികൾ ഉണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തപ്പോൾ മാത്രമാണ് ഔദ്യോഗിക ഇടപെടലുണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു, കപ്പൽ തടഞ്ഞ് വച്ച് മൂന്നാഴ്ച കഴിഞ്ഞത് മോചനത്തിനുള്ള സാധ്യതയെ ബാധിക്കുമോയെന്നാണ് ആശങ്ക.
ഏഷ്യാനെറ്റ് ന്യൂസിനോട് വാട്സ് ആപ്പിലൂടെ സംസാരിച്ച അജ്മൽ കപ്പലിൽ സുരക്ഷിതരാണെന്നറിയിച്ചു. മൊബൈലും ലാപ്പ്ടോപ്പും മറ്റ് യാത്ര രേഖകളും ജിബ്രാൾട്ടർ പൊലീസിന്‍റെ കയ്യിലാണെന്നും അവർ തന്ന ഫോണിലാണ് സംസാരിക്കുന്നതെന്നും അജ്മൽ പറഞ്ഞു, ശബ്ദ, ദൃശ്യ സന്ദേശങ്ങൾ അയക്കരുതെന്നും നിർദ്ദേശമുണ്ട്. 24 ഇന്ത്യക്കാരും മൂന്ന് ഉക്രൈൻ സ്വദേശികളും ഒരു പാകിസ്ഥാൻ സ്വദേശിയുമാണ് കപ്പലിൽ ഉള്ളതെന്നും അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും വിട്ടയച്ചിട്ടില്ലെന്നും അജ്മൽ അറിയിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam