ഒറ്റപ്പാലം നിയമസഭ മണ്ഡലത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ബിജെപിയുടെ പ്രചാരണത്തിന് തുടക്കമിട്ടു. സംവിധായകൻ മേജർ രവിയെയാണ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.

പാലക്കാട്: ഒറ്റപ്പാലം നിയമസഭ മണ്ഡലത്തിൽ ചുവരെഴുതി പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ് ബിജെപി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇവിടെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ ഇവിടെ ബിജെപി ധാരണയിൽ എത്തിക്കഴിഞ്ഞു. സംവിധായകൻ മേജർ രവിയെ ആണ് ബിജെപി മണ്ഡലത്തിൽ പരിഗണിക്കുന്നത്. 

രാഷ്ട്രീയ യുദ്ധത്തിന് ഇറങ്ങുകയാണോ എന്ന് സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോൾ 'എന്നെ കുറിച്ച് എപ്പോൾ പറയണം എങ്കിലും നിങ്ങൾക്ക് യുദ്ധം വേണമല്ലേ' എന്നാണ് മേജർ രവിയുടെ പ്രതികരണം. പ്രചാരണത്തിന് ഇറങ്ങി എന്നത് ശരിയാണെന്ന് മേജർ രവി വ്യക്തമാക്കി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതു വരെ തനിക്ക് സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചോദ്യങ്ങൾക്ക് സ്ഥിരീകരണം നൽകാനാവില്ലെന്നും മേജർ രവി പറഞ്ഞു.

ഒറ്റപ്പാലം സമാധാനമുള്ള മതസൌഹാർദം നിലനിൽക്കുന്ന വയലൻസ് ഇല്ലാത്ത പ്രദേശമാണെന്ന് മേജർ രവി പറഞ്ഞു. താനൊരു പച്ച വള്ളുവനാടൻകാരനാണ്. 'കുട്ട്യേ എവിടെപ്പോയി, കുട്ട്യേ കാണാനില്ലല്ലോ' എന്നെല്ലാം ഇവിടത്തെ അമ്മമാർ പറയുന്നതു കേൾക്കുമ്പോൾ ആ ഭാഷയിൽ തന്നെയുണ്ടൊരു ഭംഗിയെന്ന് മേജർ രവി പറഞ്ഞു. തന്‍റെ വോട്ട് ഇപ്പോൾ എറണാകുളത്താണ്. അത് ഇങ്ങോട്ട് മാറ്റാൻ അപേക്ഷ കൊടുത്തിട്ടുണ്ടെന്നും മേജർ രവി പറഞ്ഞു.

YouTube video player