രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം: അന്തിമ റിപ്പോ‍ർട്ടിനായി കാത്തിരിക്കുകയാണെന്ന് ​രാജ്ഭവൻ

By Web TeamFirst Published Jul 29, 2020, 4:16 PM IST
Highlights

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് രാജീവ്ഗാന്ധി വധക്കേസ് പ്രതികളുടെ മോചനകാര്യം തമിഴകത്ത് വീണ്ടും ചര്‍ച്ചയാകുന്നത്.

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിലിൽ നിന്നും മോചിപ്പിക്കുന്ന കാര്യത്തിൽ ഗൂഡാലോചന അന്വേഷിക്കുന്ന സിബിഐയുടെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജന്‍സി (MDMA) യുടെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് ഗവർണറുടെ ഓഫീസ്. അന്തിമ റിപ്പോർട്ട് വിലയിരുത്താതെ പ്രതികളെ മോചിപ്പിക്കാമെന്ന സർക്കാർ ശുപാർശയിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്നും ഗവർണറുടെ ഓഫീസ് വ്യക്തമാക്കി. 

കേന്ദ്രനിയമങ്ങളുടെ അടിസ്ഥാനത്തിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികളുടെ മോചന കാര്യത്തിൽ വിശദമായ വിലയിരുത്തലിന് ശേഷമേ തീരുമാനം കൈക്കൊള്ളാനാകൂവെന്നും ഗവർണറുടെ ഓഫീസ് അറിയിച്ചു. മദ്രാസ് ഹൈക്കോടതിയിലാണ് ഗവർണറുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്

പേരറിവാളനും നളിനിയും ഉൾപ്പടെ ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്നായിരുന്നു തമിഴ്നാട് സർക്കാരിൻ്റെ ശുപാർശ. പ്രതികളെ വിട്ടയ്ക്കാനുള്ള തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് അംഗീകരിക്കാനാകില്ലെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സമയബന്ധിതമായി തീരുമാനം എടുക്കണമെന്ന് നിര്‍ദേശിച്ച കോടതി ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ ഓഫീസ് നിലപാട് വ്യക്തമാക്കിയത്. 

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് രാജീവ്ഗാന്ധി വധക്കേസ് പ്രതികളുടെ മോചനകാര്യം തമിഴകത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വെകുന്നത് ചോദ്യം ചെയ്ത് പേരറിവാളന്‍റെ അമ്മ അര്‍പുതമ്മാള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍ കിരുമ്പാകരന്‍ അധ്യക്ഷനായ ബെഞ്ച് ഇടപെട്ടിരിക്കുന്നത്.

ഗവര്‍ണറുടെ തീരുമാനം നീണ്ടുപോയാല്‍ ഇടപേണ്ടേി വരുമെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനാപരമായ പദവിയുടെ വിശ്വാസം കണക്കിലെടുത്താണ് ഇത്തരം ശുപാര്‍ശയിന്‍മേല്‍ സമയപരിധി നിശ്ചയിക്കാത്തത്. സമയബന്ധിതമായി തീരുമാനം എടുക്കണമെന്ന് ഗവര്‍ണറുടെ ഓഫീസിനെ അറിയിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

പേരറിവാളന്‍, നളിനി ഉള്‍പ്പടെ ഏഴ് പ്രതികളെയും വിട്ടയ്ക്കാന്‍ 2014ല്‍ ജയലളിത സര്‍ക്കാരാണ് ശുപാര്‍ശ നല്‍കിയത്.  സിബിഐ അന്വേഷിച്ച കേസില്‍ നിയമതടസങ്ങള്‍ ചൂണ്ടികാട്ടിയാണ് ഗവര്‍ണറുടെ തീരുമാനം വൈകിയത്.  കേന്ദ്രനിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള കുറ്റങ്ങളുടെ ശിക്ഷാകാലാവധി കഴിഞ്ഞ് ഇപ്പോൾ ഐപിസി 302 പ്രകാരം കൊലക്കുറ്റത്തിനുള്ള ശിക്ഷയാണ് പ്രതികള്‍ അനുഭവിക്കുന്നത്. 

സിബിഐയുടെ അന്വേഷണത്തിൽ രാജീവ് വധത്തിന്‍റെ കാതലായ കാരണങ്ങളെക്കുറിച്ച് ഒന്നുമുണ്ടായിരുന്നില്ലെന്നും അവ്യക്തമായ കുറ്റപത്രത്തിൻമേലാണ് പേരറിവാളനും നളിനിയുമടക്കമുള്ളവർ മൂന്ന് പതിറ്റാണ്ടോളം ജയിലിൽ കിടന്നതെന്നും ശിക്ഷ വിധിച്ച ജസ്റ്റിസ് കെ ടി തോമസ് നേരത്തെ സോണിയാഗാന്ധിക്ക് എഴുതിയ കത്തില്‍ പറഞ്ഞിരുന്നു. 
 

click me!