കർഷകർക്ക് ആശ്വാസം; സഹകരണ ബാങ്ക് വായ്പകള്‍ക്ക് ഇനി സർഫാസി ബാധകമാകില്ലെന്ന് മുഖ്യമന്ത്രി

Published : Jun 10, 2019, 11:20 AM ISTUpdated : Jun 10, 2019, 12:00 PM IST
കർഷകർക്ക് ആശ്വാസം; സഹകരണ ബാങ്ക് വായ്പകള്‍ക്ക് ഇനി സർഫാസി ബാധകമാകില്ലെന്ന് മുഖ്യമന്ത്രി

Synopsis

സഹകരണ മേഖലയിൽ സർഫാസി നടപ്പിലാക്കിയത് യുഡിഎഫ് സർക്കാരെന്ന് സഹകരണ മന്ത്രി ജി സുധാകരൻ നിയമസഭയില്‍ പറഞ്ഞു. 

തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിന്നുള്ള വായ്പകളിൽ സർഫാസി നിയമം ചുമത്തുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയിലും വയനാട്ടിലുമായി സമീപകാലത്ത് 15 കർഷകർ ആത്മഹത്യ ചെയ്തെന്ന് കൃഷിമന്ത്രി നിയമസഭയെ അറിയിച്ചു. കർഷക ആത്മഹത്യ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

കർഷക ആത്മഹത്യകളെ കുറിച്ചുള്ള അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ നിർണ്ണായക പ്രഖ്യാപനം. കടങ്ങൾക്ക് മേൽ അടിയന്തിര ജപ്തി നടപടി സ്വീകരിക്കാൻ ബാങ്കുകൾക്ക് അധികാരം നൽകുന്നതാണ് സർഫാസി നിയമം. സർഫാസി കുരുക്കിൽ പെട്ടാണ് കർഷകർ ദുരിതത്തിലായത്. ഈ സർക്കാറിന്‍റെ കാലത്ത് 2600 ലേറെ കർഷകർക്ക് സഹകരണ ബാങ്കുകൾ സർഫാസി നിയമ പ്രകാരം ജപ്തി നോട്ടീസ് നൽകിയെന്ന് പ്രതിപക്ഷനേതാവ് വിമർശിച്ചു. വായ്പകൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടിയെന്ന് പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടും ഉത്തരവിറക്കാൻ വൈകിയ സർക്കാർ കർഷകരെ ദ്രോഹിച്ചെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

കേരളത്തിൽ സഹകരണ മേഖലയിൽ സർഫാസി നടപ്പാക്കിയത് കഴിഞ്ഞ യുഡിഎഫ് സർക്കാർ കാലത്താണെന്ന് സഹകരണമന്ത്രി ജി സുധാകരൻ പറഞ്ഞു. യുപിഎ സർക്കാർ നടപ്പാക്കിയ ആസിയാൻ കരാർ മുതലാണ് ഇന്ത്യയിലെ കർഷകർ ദുരിതത്തിലായതെന്ന് കൃഷിമന്ത്രി വിമർശിച്ചു. കർഷകരുടെ 2 ലക്ഷം രൂപവരെയുള്ള എല്ലാതരം വായ്പകളും കടാശ്വാസ കമ്മീഷന്‍റെ പരിധിയിൽ കൊണ്ടുവന്ന് എഴുതിത്തള്ളുമെന്നും കൃഷിമന്ത്രി അറിയിച്ചു. സർഫാസി ചുമത്തുന്ന ബാങ്കുകളുടെ നടപടിയെ സർക്കാറും പ്രതിപക്ഷവും ഒരുപോലെ വിമർശിച്ചു. ആത്മഹത്യ ചെയ്ത കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് അടിയന്തിരപ്രമേയ നോട്ടീസ് നൽകിയ ഐസി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

എന്താണ് സർഫാസി നിയമം?

സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസ്സെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട് എന്നതിന്റെ ചുരുക്കപ്പേരാണ് സർ‌ഫാസി. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം സര്‍ഫാസി പ്രദാനം ചെയ്യുന്നു. ജപ്തി നടപടികളിൽ‌ കോടതിയുടെ ഇടപെടൽ‌ സാധ്യമല്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. തിരിച്ചു കിട്ടാത്ത കടങ്ങള്‍ക്ക് മേലുള്ള ആസ്തികളില്‍ ബാങ്കുകൾക്ക് ഏതു നടപടിയും സ്വീകരിക്കാം. കോടതിയുടെ അനുമതി ആവശ്യമില്ല. ആസ്തിയിന്മേൽ ആൾത്താമസമുണ്ടെങ്കിൽ അത് ഒഴിപ്പിക്കാനും ബാങ്കിന് നേരിട്ട് സാധിക്കും.

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്
ശബരിമല സ്വര്‍ണക്കൊള്ള:' അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല, മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല, നാളെ എസ്ഐടിക്ക് മൊഴി നല്‍കും' : ചെന്നിത്തല