
ലാഹോർ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അറസ്റ്റ് തടഞ്ഞ് ലാഹോർ കോടതി. നാളെ രാവിലെ 10 മണി വരെ പൊലീസ് നടപടി നിർത്തിവയ്ക്കാനാണ് നിർദേശം. പൊലീസ് പിന്മാറിയതോടെ വീടിനു മുന്നിൽ പാർട്ടി പ്രവർത്തകരെ നേരിട്ട് കണ്ടായിരുന്നു ഇമ്രാന്റെ സന്തോഷ പ്രകടനം.
മൂന്ന് ദിവസം നീണ്ട സംഘർഷത്തിന് ഒടുവിലാണ് ഇമ്രാൻ ഖാന് താത്കാലിക ആശ്വാസം നൽകുന്ന കോടതി വിധി. നാളെ രാവിലെ പത്ത് വരെ മുൻ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദേശം. അറസ്റ്റ് ചെയ്യാനായി ലാഹോറിലെ സമാൻ പാർക്കിലെത്തിയ പൊലീസ് സന്നഹത്തോട് മടങ്ങാനും ലാഹോർ ഹൈക്കോടതി ഉത്തരവിട്ടു. ഇമ്രാൻ ഖാനെതിരെയുള്ള അറസ്റ്റ് വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടി നേതാവ് ഫവാദ് ചൗധരി നൽകിയ ഹർജിയിലാണ് ഉത്തരവ്. കോടതി ഉത്തരവിന് പിറകെ വസതിക്ക് പുറത്തെത്തിയ ഇമ്രാൻ ഖാൻ പ്രവർത്തകരുമായി നേരിട്ട് സംസാരിച്ചു.
പൊലീസ് പിന്മാറിയതോടെ ഇമ്രാൻ അനുകൂലികൾ ആഹ്ലാദ പ്രകടവും നടത്തി. തോഷാഖാന കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനായി മൂന്ന് ദിവസം മുൻപാണ് ഇസ്ലാമാബാദ് പൊലീസ് ലാഹോറിലെത്തിയത്. വസതിക്ക് മുന്നിൽ പ്രവർത്തകരെ അണിനിരത്തിയായിരുന്നു ഇമ്രാന്റെ പ്രതിരോധം. പൊലീസും പ്രവർത്തകരമായി നിരവധി തവണ ഏറ്റുമുട്ടുകയും ചെയ്തു. പാക്ക് റേഞ്ചേയ്സിനെ അടക്കം വസതിക്ക് മുന്നിലെത്തിച്ച് അറസ്റ്റ് നടപടി വേഗത്തിലാക്കാനുള്ള പൊലീസ് നീക്കത്തിനിടെയാണ് കോടതി ഉത്തരവ്. അറസ്റ്റല്ല തന്നെ തട്ടിയെടുത്ത് കൊലപ്പെടുത്താനാണ് പൊലീസിന്റെ നീക്കമെന്ന് ഇമ്രാൻ ഇന്ന് ആരോപിച്ചിരുന്നു. അറസ്റ്റ് നടപടി നാളെ തുടരുമോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കേസ് നാളെ ലാഹോർ കോടതി പരിഗണിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam