രാഷ്ട്രീയം രാഷ്ട്രീയപ്പാർട്ടികളുടെ കാര്യം; സമുദായങ്ങൾ ഇടപെടരുതെന്ന് കോടിയേരി

By Web TeamFirst Published Oct 23, 2019, 8:40 PM IST
Highlights
  • ഉപതെരഞ്ഞെടുപ്പിൽ സമുദായ സംഘടനകളുടെ സ്വാധീനം സംബന്ധിച്ച് നാളെ ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പ്രതികരിക്കാമെന്ന് കോടിയേരി
  • ശക്തമായ മതനിരപേക്ഷ അടിത്തറ കേരളത്തിലുണ്ട്. ജനാധിപത്യ സമൂഹത്തിന്റെ ജാഗ്രതയാണ് ഇത് തെളിയിക്കുന്നത്

തിരുവനന്തപുരം: മത-സാമുദായിക സംഘടനകൾ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നതിനെ വിമർശിച്ച് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം. രാഷ്ട്രീയം രാഷ്ട്രീയപ്പാർട്ടികളുടെ കാര്യമാണെന്നും അതിൽ സമുദായങ്ങൾ ഇടപെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.

"മത സംഘടനകളും സമുദായ സംഘടനകളും, മതങ്ങളുടെ കാര്യം നോക്കുക. രാഷ്ട്രീയം രാഷ്ട്രീയപ്പാർട്ടികളുടെ കാര്യമാണ്. അതിൽ സമുദായ നേതാക്കൾ ഇടപെടരുത്," കോടിയേരി പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ സമുദായ സംഘടനകളുടെ സ്വാധീനം സംബന്ധിച്ച് നാളെ ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. 

"സമുദായിക സംഘടനകളുടെ സ്വാധീനം നോക്കിയല്ല മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളെ നിർത്തുന്നത്. കേരളത്തിൽ മുൻപും ജാതി-മത സംഘടനകൾ രാഷ്ട്രീയത്തിൽ പരസ്യമായി ഇടപെട്ടിട്ടുണ്ട്. എല്ലാ ജാതി മത സംഘടനകളും ചേർന്ന് രാഷ്ട്രീയ മുന്നണി രൂപീകരിച്ച് ഇടതുപക്ഷത്തിനെതിരെ മത്സരിച്ചിട്ടുണ്ട്. അവരെ തോൽപ്പിച്ച് ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ വന്നിട്ടുണ്ട്. ശക്തമായ മതനിരപേക്ഷ അടിത്തറ കേരളത്തിലുണ്ട്. ജനാധിപത്യ സമൂഹത്തിന്റെ ജാഗ്രതയാണ് ഇത് തെളിയിക്കുന്നത്," അദ്ദേഹം വ്യക്തമാക്കി.

"സാമുദായിക സംഘടനാ നേതാക്കളെ സന്ദർശിക്കുന്നത് ഒരു ജനസമ്പർക്ക പരിപാടിയുടെ ഭാഗമാണ്. അവരെ തെരഞ്ഞെടുപ്പ് കാലത്തും അല്ലാത്തപ്പോഴും പോയി കാണാറുണ്ട്. അത് പല വിഷയങ്ങളിലുമുള്ള അവരുടെ അഭിപ്രായങ്ങൾ കേൾക്കാനാണ്. അവരുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ രാഷ്ട്രീയ നിലപാടിൽ ഉറച്ച് നിന്ന് തന്നെ നടപ്പിലാക്കാനാണ് ശ്രമിക്കാറുള്ളത്," എന്നും കോടിയേരി വിശദീകരിച്ചു.

click me!