
തിരുവനന്തപുരം: ബിജെപി വക്താവിന്റെ പ്രവാചക നിന്ദാ പ്രസ്താവനയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിന് മുന്നിൽ നാണം കെടുത്തുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ് സംഘപരിവാർ ശക്തികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിൽ ഏറ്റവും പുതിയ അധ്യായമാണ് പ്രവാചകനെതിരായി പ്രസ്താവനകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. മുസ്ലിങ്ങളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ഗോൾവാൾക്കർ ചിന്തയാണ് ബിജെപി നേതാവിന്റെ വാക്കുകളിലൂടെ പുറത്തുവന്നത്. ഓരോ പൗരനും അയാൾക്ക് ഇഷ്ടമുള്ള മതങ്ങളിൽ വിശ്വസിക്കാനുള്ള അവകാശം നൽകുന്ന നമ്മുടെ ഭരണഘടനയെ അവർ തീർത്തും അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റൊരു മതസ്ഥന്റെ വിശ്വാസത്തേയും സംസ്കാരത്തേയും അവഹേളിക്കാനോ നിഷേധിക്കാനോ ഉള്ള അവകാശം ഭരണഘടന ആർക്കും നൽകുന്നില്ല. നാടിന്റെ മഹത്തായ മതനിരപേക്ഷ പാരമ്പര്യത്തെ അപകടപ്പെടുത്തുന്ന നികൃഷ്ട ശ്രമങ്ങൾക്ക് തടയിടാനും വിദ്വേഷ പ്രചാരകരെ ശിക്ഷിക്കാനും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം. വർഗീയ ശക്തികൾക്കെതിരെ പൊതുസമൂഹത്തിൽ നിന്നും ഒറ്റക്കെട്ടായ എതിർപ്പ് ഉയർന്നു വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam