എഎസ്ഐയുടെ ആത്മഹത്യ: എസ്ഐക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

By Web TeamFirst Published Aug 24, 2019, 10:36 AM IST
Highlights

പൊലീസിൽ ആത്മഹത്യ പ്രവണത കൂടുന്നത് ആശങ്കാജനകമാണെന്നും ചെന്നിത്തല പറഞ്ഞു. 

കൊച്ചി: ആലുവയിൽ എഎസ്ഐ പി സി ബാബുവിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായ എസ്ഐക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിൽ ആത്മഹത്യ പ്രവണത കൂടുന്നത് ആശങ്കാജനകമാണെന്നും ചെന്നിത്തല പറഞ്ഞു. എഎസ്ഐ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി. എഎസ്ഐ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ എസ്ഐ ആര്‍ രാജേഷിനെ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയിരുന്നു. കോട്ടയം എസ്പി ഓഫീസിലേക്കായിരുന്നു സ്ഥലം മാറ്റം. 

ബുധനാഴ്ച പുലർച്ചെയാണ് എഎസ്ഐ ബാബു വീട്ടിൽ തൂങ്ങിമരിച്ചത്. മരണത്തിന് മുൻപ് സ്റ്റേഷൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ എസ്ഐക്കെതിരെ മാനസിക പീഡന ആരോപണമുന്നയിച്ച ശേഷമായിരുന്നു ബാബുവിന്‍റെ ആത്മഹത്യ. ഈ സന്ദേശത്തിൽ എസ്ഐ ആർ രാജേഷ് കാരണമാണ് ജീവിതം വിട്ടുകളയുന്നതെന്നും സൂചിപ്പിച്ചിരുന്നു. സ്റ്റേഷൻ ജോലികളുമായി ബന്ധപ്പെട്ട് ബാബു അടുത്തകാലത്തായി കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി സുഹൃത്തുക്കളും ആരോപിച്ചിരുന്നു.

ബാബുവിന്റെ ആത്മഹത്യയിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്ഐയുടെ സ്ഥലം മാറ്റം പ്രാഥമിക നടപടി മാത്രമാണെന്നും ആലുവ റൂറൽ എസ്പി കെ കാർത്തിക് പറഞ്ഞിരുന്നു.  
 

click me!