രമ്യ ഹരിദാസ് ഉൾപ്പെട്ട വിവാദം, ബൽറാമടക്കം 6 കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ്

By Web TeamFirst Published Jul 27, 2021, 9:43 AM IST
Highlights

പാലക്കാട്ടെ ഒരു ഹോട്ടലിലിരുന്ന് രമ്യ ഹരിദാസ് എംപിയും സംഘവും ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് ഭക്ഷണം കഴിക്കാൻ കയറിയെന്ന ആരോപണത്തിലാണ് വി ടി ബൽറാമിനും പാളയം പ്രദീപിനും മറ്റ് ആറ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 

പാലക്കാട്: രമ്യ ഹരിദാസ് എംപിയും സംഘവും ഞായറാഴ്ച കൊവിഡ് സമ്പൂർണലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയെന്ന ആരോപണത്തിൽ മുൻ എംഎൽഎ വി ടി ബൽറാം, പാളയം പ്രദീപ് ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുത്തു. കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യംചെയ്ത, യുവാവിനെ ആക്രമിച്ചു എന്ന പരാതിയിലാണ് കേസ്. യുവാവ് നൽകിയ പരാതിയിലാണ് പാലക്കാട് കസബ പോലീസ് കേസെടുത്തിരിക്കുന്നത്. 

കൈയ്യേറ്റം, ജീവൻ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്ത പോലീസ് കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്, തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം, കോണ്‍ഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, പാളയം പ്രദീപ് എന്നിവര്‍ പാലക്കാട്ടെ ഹോട്ടലില്‍ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരിക്കുന്നത് യുവാവ് ചോദ്യം ചെയ്തതോടെ നേതാക്കള്‍ പുറത്തിറങ്ങി. അതിനിടെ ദൃശ്യങ്ങളെടുത്ത യുവാവിനോട് പാളയം പ്രദീപ് തട്ടിക്കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

എന്നാൽ, പാര്‍സല്‍ വാങ്ങാനെത്തിയതാണെന്നും മഴയായതിനാലാണ് ഹോട്ടലില്‍ കയറിയിരുന്നതെന്നുമായിരുന്നു രമ്യയുടെ വിശദീകരണം. ദൃശ്യങ്ങളെടുത്ത യുവാവ് വൈകിട്ടോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. രമ്യക്ക് ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചെന്ന് യുവാവ് പറഞ്ഞു. ഈ പരാതിയിലാണ് പാലക്കാട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. രമ്യാ ഹരിദാസിനും സംഘത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തെത്തിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!