ചിഞ്ചുറാണിയെന്നൊരു മന്ത്രിയുണ്ടോ? സിപിഐ സമ്മേളനത്തിൽ നേതൃത്വത്തെ നിർത്തി പൊരിച്ച് പ്രതിനിധികൾ

By Web TeamFirst Published Oct 2, 2022, 3:54 PM IST
Highlights

പാർട്ടി നേതൃത്വത്തിൻ്റേയും വകുപ്പുകളുടേയും പ്രവർത്തനം ഇഴ കീറി വിർമശിച്ചാണ് പൊതുചർച്ച പുരോഗമിക്കുന്നത്

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിൽ കേന്ദ്രനേതൃത്വത്തെ അതിരൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പ്രതിനിധികൾ. രാജ്യത്ത് അരശതമാനം വോട്ടുണ്ടാക്കാനുള്ള വഴി കണ്ടിട്ട് വേണം ദേശീയ രാഷ്ട്രീയത്തിൽ ബദലിന് വേണ്ടി വാദിക്കാനെന്ന് കേന്ദ്രനേതൃത്വത്തെ അതിരൂക്ഷമായി വിമർശിച്ചും പരിഹസിച്ചും സമ്മേളനത്തിനിടെ ചില പ്രതിനിധികൾ. 

സർക്കാരിനും ആഭ്യന്തര വകുപ്പിനും മാത്രമല്ല പാർട്ടി നേതൃത്വത്തിൻ്റേയും വകുപ്പുകളുടേയും പ്രവർത്തനം ഇഴ കീറി വിർമശിച്ചാണ് പൊതുചർച്ച പുരോഗമിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ്റെ വേർപാടിനെ തുടർന്ന് അനുബന്ധ പരിപാടികൾ വെട്ടിച്ചുരുക്കി. ഇടതുമുന്നണിയുടെ കെട്ടുറപ്പായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് അനുസ്മരിച്ചാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിവസം തുടങ്ങിയത്. ആദരസൂചകമായി ആഘോഷങ്ങളെല്ലാം ഒഴിവാക്കി. 

ഇന്നത്തെ ചർച്ചയിൽ ദേശീയ നേതൃത്വത്തിനെതിരെ ഉയർന്നത് അതിരൂക്ഷ വിമർശനമാണ്. രാജ്യത്ത് അരശതമാനം വോട്ടുണ്ടാക്കാനുള്ള ഐഡിയ ആദ്യം പറയണം. ബദൽ എന്ന ലക്ഷ്യം പിന്നീട് നോക്കാമെന്നും. അതിന് ആകർഷകമായ കേന്ദ്ര നേതൃത്വം വേണമെന്ന് മലപ്പുറത്തുനിന്നുള്ള പ്രതിനിധികൾ തുറന്നടിച്ചു. 

ശ്രീറാം വെങ്കിട്ടരാമന് നിയമനം കൊടുത്തത് ആരുടെ തീരുമാനമായിരുന്നുവെന്ന് ചോദിച്ച പ്രതിനിധികൾ, അതിനെതിരെ പ്രതിഷേധം കടുത്തപ്പോ പിൻമാറേണ്ടിവന്നത് റവന്യു വകുപ്പിന് നാണക്കേടായെന്നും പറഞ്ഞു. സിപിഐയുടെ വകുപ്പുകൾ പിടിച്ച് വാങ്ങും പോലെ സിപിഎം  പ്രവർത്തിക്കുകയാണെന്നായിരുന്നു മറ്റൊരു വിമർശനം. 

കാണിക്കാൻ നല്ല ബിംബം പക്ഷേ ഭരണത്തിൽ പരാജയം എന്ന് പി.പ്രസാദിനെ വിമർശിച്ച  തിരുവനന്തപുരം ജില്ലാ പ്രതിനിധികൾ ഭക്ഷ്യവകുപ്പിന്റെ പ്രവർത്തനത്തിൽ മന്ത്രി ജിആർ അനിലിനെ അഭിനന്ദിച്ചു. സത്യത്തിൽ ശിവശങ്കർ ആരാണ് ഞങ്ങൾക്കും അറിയാൻ താൽപര്യം ഉണ്ടായിരുന്നു എന്നായിരുന്നു മലപ്പുറത്തെ സിപിഐക്കാരുടെ മറ്റൊരു കമൻ്റ്. 

ആഭ്യന്തര വകുപ്പ് അമ്പേ പരാജയമാണെന്നും മന്ത്രി ജി.ആർ.അനിലിന്  പോലും നീതി കിട്ടിയില്ലെന്നും വിമർശനമുയർത്തിയ കൊല്ലം ജില്ലാ പ്രതിനിധികൾ മൃഗസംരക്ഷണ വകുപ്പും ചിഞ്ചു റാണിയെന്ന മന്ത്രിയും ഉണ്ടോ എന്ന് പോലും  സംശയമാണെന്നും വിമർശിച്ചു. രാഷ്ട്രീയ റിപ്പോർട്ടിൽമേലുള്ള ചർച്ചക്ക് കാനം രാജേന്ദ്രൻ വൈകിട്ട് മറുപടി പറയും . 
 

tags
click me!