
തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപമുള്ള ആമയിഴഞ്ചാൻ തോട്ടില്‍ ഇന്നലെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടരുന്നു. രക്ഷാദൗത്യം 26 മണിക്കൂര്‍ പിന്നിടുമ്പോള്‍ പ്രതീക്ഷയായി ഡ്രാക്കോ റോബോട്ട് യന്ത്രത്തിന്‍റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പരിശോധിച്ചിരുന്നു. ടണലിന് അടിയിലൂടെ ഡ്രോക്കോ റോബോട്ടിക്ക് യന്ത്രം നടത്തിയ പരിശോധനയില്‍ മനുഷ്യ ശരീരത്തിന്‍റെ ചിത്രം പതിഞ്ഞതായാണ് സംശയം ഉയര്‍ന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിനായി ടണലിലേക്ക് പോയ സ്കൂബ ടീമിന് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
ക്യാമറയില്‍ പതിഞ്ഞത് മനുഷ്യശരീരഭാഗങ്ങളല്ലെന്നും ചാക്കില്‍ കെട്ടി എറിഞ്ഞ മാലിന്യമാണെന്ന് സംശയിക്കുന്നതായും സംഘാംഗങ്ങള്‍ വ്യക്തമാക്കി. വീണ്ടും ടണലിനുള്ളില്‍ പരിശോധന നടത്തും. ചതുപ്പും വെള്ളക്കെട്ടും മാലിന്യവുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി നില്‍ക്കുന്നത്. റോബോട്ടിക്ക് ക്യാമറയും വെള്ളത്തിലിറക്കി പരിശോധിക്കുന്നുണ്ട്. അതേസമയം, മാലിന്യത്തിനകത്ത് ഒന്നും കണ്ടെത്താനാകുന്നില്ലെന്നാണ് ടണലിന് അകത്തേക്ക് കയറിയ സ്കൂബാ ടീം അംഗങ്ങള്‍ പറയുന്നത്.
ശുചീകരണ തൊഴിലാളിയായ ജോയിയെ കണ്ടെത്താനുള്ള തെരച്ചിൽ 25 മണിക്കൂർ പിന്നിട്ടു. എൻഡിആർഎഫിന്‍റെ നേതൃത്വത്തിൽ ആണ് തെരച്ചിൽ. ഫയര്‍ഫോഴ്സിന്‍റെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായിട്ടുണ്ട്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നേരത്തെ നിര്‍ത്തിയിരുന്നു.
ഏറ്റവുമൊടുവിലായി കാമറ ഘടിപ്പിച്ച ഡ്രാക്കോ റോബോട്ട് വെള്ളത്തിനടിയിൽ ഇറക്കി പരിശോധന നടത്തുകയാണ് രക്ഷാപ്രവർത്തകർ. ഈ പരിശോധനയിലാണ് അവ്യക്തമായ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്. തുടര്‍ന്ന് കൂടുതല്‍ സ്കൂബാ ടീം അംഗങ്ങള്‍ ടണലിലേക്ക് ഇറങ്ങി പരിശോധന ആരംഭിച്ചിരിക്കുകയാണിപ്പോള്‍.
ജോയിയെ തെരഞ്ഞ് ഫയർ ഫോഴ്സിന്‍റെ സ്കൂബാ ഡൈവിംഗ് സംഘം മാൻഹോളിലൂടെ ഇറങ്ങിയെങ്കിലും മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നത് കാരണം അധിക മുന്നോട്ട് പോകാനായിരുന്നില്ല. 40 മീറ്റർ മുന്നോട്ട് പോയി തെരച്ചിൽ നടത്തിയ ശേഷം സ്കൂബ സംഘത്തിന് മടങ്ങേണ്ടി വന്നുവെന്ന് സ്കൂബ ടീം അംഗം സന്തോഷ് പറഞ്ഞിരുന്നു.
ടണലിനുള്ളില്‍ മാലിന്യത്തിന്‍റെ ബെഡ് ആണെന്നും വെള്ളത്തിനും മാലിന്യത്തിന്‍റെ ബെഡിനും ഇടയില്‍ കേവ് ഡൈവ് ചെയ്യുന്നതുപോലെ കിടന്നുകൊണ്ടാണ് മുന്നോട്ട് പോയി പരിശോധിച്ചതെന്നും സന്തോഷ് പറഞ്ഞു. 40 മീറ്ററോളം മുന്നോട്ട് പോയെങ്കിലും വെള്ളത്തിനും മാലിന്യത്തിനും ഇടയിലെ വീതി കുറഞ്ഞതോടെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥ വന്നു. പരമാവധി പോയി നോക്കി. തള്ളിയാല്‍ പോലും നീങ്ങാത്ത അത്രയും മാലിന്യമാണ് അടിഞ്ഞുകൂടിയിരിക്കുന്നതെന്നും സന്തോഷ് പറഞ്ഞു.
റെയില്‍വെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച
രക്ഷാ ദൗത്യത്തിന് കഠിന പരിശ്രമം തുടരുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ആവശ്യമായതെല്ലാം ചെയ്യുന്നുവെന്ന് മേയര്‍ ആര്യ രാജേന്ദ്രനും പ്രതികരിച്ചു. റെയിൽവെ ഉദ്യോഗസ്ഥരുമായി മന്ത്രി വി.ശിവൻകുട്ടി ചർച്ച നടത്തി. മാൻഹോൾ വഴിയുള്ള പരിശോധനയ്ക്ക് 3,4 പ്ലാറ്റ്ഫോമുകളിൽ ട്രെയിൻ ഒഴിവാക്കി തരാൻ റെയില്‍വെയോട് ആവശ്യപ്പെട്ടു.
രക്ഷാ ദൗത്യം എല്ലാ വകുപ്പും ചേർന്ന് നടത്തുന്നുണ്ടെന്നും പത്തനംതിട്ട, കൊല്ലം ജില്ലയിൽ നിന്ന് കടുതൽ സ്കൂബ ടീം എത്തുമെന്നും മന്ത്രി ശിവൻ കുട്ടി ഉന്നത തല യോഗത്തിനുശേഷം പറഞ്ഞു. കൂടുതൽ ഫയർ ഫോഴ്‌സ് സംവിധാനവും ഏർപ്പാടാക്കും. ഫയർഫോഴ്സ് കൺട്രോൾ റൂം ആരംഭിക്കും. നാല് റെയിൽ പാളങ്ങൾ തോടിന് മുകളിലൂടെ കടന്ന് പോകുന്നുണ്ട്. മാലിന്യം നീക്കം ചെയ്ത് മാത്രമെ രക്ഷാ പ്രവർത്തനം സാധ്യമാകുവെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ, കാണാതായ ജോയിയുടെ വീട്ടിൽ സ്ഥലം എംഎൽഎ സി.കെ.ഹരീന്ദ്രൻ എത്തി. അപകടത്തിന് ഉത്തരവാദി റെയിൽവേ തന്നെ എന്ന് എംഎൽഎയും ആവര്‍ത്തിച്ചു. യാതൊരു സുരക്ഷയുമില്ലാതെ ജോയിയെ തോട് വൃത്തിയാക്കാൻ ഇറക്കിയെന്നും ജോയിയുടെ അമ്മയെ കൈവിടില്ലെന്നും സാധ്യമായ സഹായം നൽകുമെന്നും ജോയിയുടെ വീട്ടിലേക്കുള്ള വഴി അടിയന്തിരമായി ശരിയാക്കുമെന്നും എംഎല്‍എ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam