
ഇടുക്കി: ഇടുക്കി കൊക്കയാറിലുണ്ടായ(Kokkayar) ഉരുള്‍പൊട്ടലില്‍(landslide) കണ്‍മുന്നിലുണ്ടായ ദുരന്തത്തിന്‍റെ ഞെട്ടല്‍ മാറിയിട്ടില്ല രാജമ്മയ്ക്കും ഭര്‍ത്താവിനും. തല ചായ്ക്കാനൊരു കൂരയെന്ന സ്വപ്നത്തിനായി രാവും പകലുമില്ലാതെ കഷ്ടപ്പെട്ടുകൊണ്ടിരുന്ന അയല്‍വാസിയായ ഷാജിയേയും കുടുംബത്തേയും കുതിച്ചെത്തിയ മലവെള്ളം കവര്‍ന്നെടുത്തത് കണ്‍മുന്നില്‍ നിന്നാണ്. പുരയിടത്തില്‍ പണിയെടുക്കുന്നവര്‍ക്ക് കാപ്പിയും മറ്റും നല്‍കാനായി സാധനങ്ങള്‍ വാങ്ങാനായി താഴേക്ക് പോയതാണ് ഷാജി, പിന്നെ ഞങ്ങളാരും കണ്ടില്ല- രാജമ്മ പറയുന്നു.
രാജമ്മയുടെ വീടിന് തൊട്ടടുത്തുണ്ടായിരുന്ന ചെറിയ വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ കുത്തിയൊലിച്ചെത്തിയ പാറക്കല്ലുകളും മണ്ണും മരങ്ങളുമാണ്. മഴവെള്ളം കണ്ട് രാജമ്മയും കുടുംബവും മാത്രമാണ് വീട്ടില്‍ നിന്നും മാറി നിന്നത്. മണിക്കൂറുകളുടെ വിത്യാസത്തിലാണ് ഇവര്‍ മലയിടിച്ചിലില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. രാവിലെ മുതല്‍ ഷാജിയും കുടുംബവും അവിടെ ഉണ്ടായിരുന്നു. വീട് വയ്ക്കാനായി കിണറെല്ലാം കുത്തി പ്ലോട്ട് തിരിച്ച് അതിര് കെട്ടി വരികയായിരുന്നു. അപ്പോഴാണ് മലവെള്ളം അവരുടെ സ്വപ്നത്തെ കവര്‍ന്നെടുത്തത്.
'മഴയത്ത് പുരയിടത്തിന് സൈഡിലൂടെ വെള്ളം വന്നിരുന്നു, ആ സമയത്ത് അവിടെ നിക്കരുതെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് രാജമ്മ പറയുന്നു. പക്ഷേ അവരവിടെ മതിലിന്‍റെ സൈഡ് കെട്ടിക്കൊണ്ടിരുന്നു. അപ്പോഴേക്ക് മലവെള്ളത്തിന് ശക്തികൂടി. കനത്ത വെള്ളപ്പാച്ചിലില്‍ മതിലിന്‍റെ അരിക് ഇടിഞ്ഞു വീണു. വെള്ളം വരുന്നത് കണ്ട് എല്ലാവരും ഓടി രക്ഷപ്പെട്ടുവെങ്കിലും ആ പുരയിടത്തിലുണ്ടായിരുന്നവര്‍ക്ക് രക്ഷപ്പെടാനായില്ല. അപ്പോഴേക്ക് വെള്ളവും കല്ലും എല്ലാം ഒഴുകി വന്നു. കാപ്പി ഉണ്ടാക്കാനായി സാധനങ്ങളെല്ലാം വാങ്ങാനായി പോയതാണ് ഷാജി, പിന്നെ കണ്ടിട്ടില്ല'- രാജമ്മ പറയുന്നു.
കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ രണ്ടിടങ്ങളിലായി എട്ട് പേരെയാണ് കാണാതായത്. ആൻസി (45), ചിറയിൽ ഷാജി (50), പുതുപ്പറമ്പിൽ ഷാഹുലിന്റെ മകൻ സച്ചു ഷാഹുൽ (മൂന്ന്), കല്ലുപുരയ്ക്കൽ ഫൈസൽ നസീറിന്റെ മക്കളായ അപ്പു, മാളു എന്നിവരും ഫൈസലിന്റെ സഹോദരി ഫൗസിയയും മക്കൾ അഹിയാൻ, അഫ്സാന എന്നിവരെയാണ് കാണാതായത്. ഉരുള്‍ പൊട്ടല്‍ നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam