
മലപ്പുറം: പതിനെട്ട് ദിവസം നീണ്ട് നിന്ന തെരച്ചിലിനൊടുവില്‍ പുത്തുമലയിലെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കും. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് തെരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അതേസമയം പതിനൊന്ന് പേരെ കൂടി കണ്ടെത്താനുള്ള മലപ്പുറം കവളപ്പാറയില്‍ ഇന്നും തെരച്ചില്‍ തുടരും.
പുത്തുമലയില്‍ നിന്ന് കഴിഞ്ഞ ദിവസം ദേശീയ ദുരന്തനിവാരണ സേന മടങ്ങിയിരുന്നു. ഹംസ എന്നയാളെ കണ്ടെത്താനുള്ള തെരച്ചിലാണ് ഇന്ന് പുത്തുമലയില്‍ നടക്കുക. ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ചാണ് നേരത്തെ തെരച്ചിൽ നടത്തിയ പച്ചക്കാട് മേഖലയിൽ ഒരിക്കൽ കൂടെ തെരച്ചിൽ നടത്തുന്നത്. കാണാതായ 17 പേരിൽ 12 പേരുടെ മൃതദേഹമാണ് പുത്തുമലയില്‍ ഇതുവരെ കണ്ടെത്താനായത്.
മലപ്പുറം കവളപ്പാറയിൽ പതിനൊന്നു പേരെയാണ് ഇവിടെ ഇനി കണ്ടെത്താനുള്ളത്. കഴിഞ്ഞ നാലു ദിവസങ്ങളിലെ തെരച്ചിലിൽ ആരേയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ തുടർനടപടികളാലോചിക്കാൻ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും യോഗം രാവിലെ പത്ത് മണിക്ക് പോത്തുകല്ല് ചേരും. കാണാതായവരുടെ ബന്ധുക്കളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ യോഗത്തിലെ തീരുമാനം അനുസരിച്ചായിരിക്കും തെരച്ചിൽ തുടരണമോ അവസാനിപ്പിക്കണോയെന്ന് സർക്കാർ തീരുമാനിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam