
പാലക്കാട്: ധോണിയിലെ കാട്ടാന PT 7 നെ ശനിയാഴ്ചക്കകം പിടിക്കും. ദൗത്യസംഘം PT 7 നെ പിടിക്കാൻ നടപടി തുടങ്ങി. PT 7 ദൗത്യസംഘത്തിൻ്റെ നിരീക്ഷണ വലയത്തിലെന്ന് ബി രഞ്ജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വയനാട്ടിൽ നിന്നുള്ള ദൗത്യസംഘത്തിൽ ചിലർ രാത്രി തന്നെ പാലക്കാട് എത്തിയിരുന്നു. മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയ കൂടി എത്തിയാൽ മയക്കുവെടി വയ്ക്കാനുള്ള അന്തിമ രൂപരേഖ തയ്യാറാക്കും. മയക്കുവെടി വെക്കാനുള്ള സമയം, സ്ഥലം എന്നിവ നിർണയിക്കൽ ശ്രമകരം എന്നാണ് വിവരം.
ദൗത്യസംഘം ആവശ്യപ്പെട്ട പ്രകാരം മൂന്നാമതെ കുങ്കിയാന ഉടൻ ധോണിയിലെത്തും.
കാട്ടാനയെ പിടിക്കാനുള്ള ദൗത്യസംഘത്തിലേക്ക് മൂന്നാമത്തെ കുങ്കി ആന കൂടി എത്തുന്നതോടെ നടപടിക്രമങ്ങൾക്ക് വേഗത കൂടും. PT 7 ന്‍റെ വലിയ ശരീരവും കൊമ്പും കണക്കിലെടുത്താണ് മുത്തങ്ങയിലെ സുരേന്ദ്രൻ എന്ന കുങ്കി ആനയെ കൂടി ആവശ്യപ്പെട്ടത്. നിലവിൽ വിക്രം, ഭരതൻ എന്നി കുങ്കി ആനകൾ ധോണി ക്യാമ്പിൽ ഉണ്ട്. മയക്കുവെടി വെച്ച ശേഷം PT 7 നെ രണ്ടു കുങ്കിയാനകൾ ഇരുഭാഗത്ത് നിന്ന് വലിക്കുമ്പോൾ പിറകിൽ നിന്ന് തള്ളാനാണ് മൂന്നാമത്തെ ആന. ധോണിയിലെ കയറ്റിറക്കങ്ങൾ നിറഞ്ഞ ഭൂപ്രകൃതിയും ദൗത്യത്തിന് വെല്ലുവിലിയാണ്. പരമാവധി വനാതിർത്തിയോട് ചേർന്ന് തന്നെ മയക്കുവെടി വെക്കാനാണ് നീക്കം.