പിന്മാറാതെ തരൂര്‍: സോണിയയെും ഖര്‍ഗെയെയും കാണും, ക്ഷണം കിട്ടിയ പരിപാടികളില്‍ നിന്ന് പിന്മാറില്ലെന്നും തീരുമാനം

By Web TeamFirst Published Jan 19, 2023, 10:00 AM IST
Highlights

സംസ്ഥാനത്ത് അനാവശ്യ വിവാദമുണ്ടാക്കിയെന്ന് നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. 

ദില്ലി: സംസ്ഥാന കോണ്‍ഗ്രസിലെ ഭിന്നതയില്‍ ദേശീയ നേതൃത്വത്തെ നിലപാടറിയിക്കാന്‍ ശശി തരൂര്‍. സര്‍വ്വ പ്രശ്നങ്ങള്‍ക്കും കാരണക്കാരന്‍ തരൂരെന്നാണ് സംസ്ഥാന നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ച പരാതിയിലെ പൊതുവികാരം. തരൂരിന് ജാഗ്രതക്കുറവുണ്ടായെന്നാണ് കേരളത്തിന്‍റെ ചുമതലയുള്ള താരിഖ് അന്‍വറും നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത്. പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് സോണിയ ഗാന്ധിയേയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും കണ്ട് തനിക്ക് പറയാനുള്ളത് തരൂര്‍ വ്യക്തമാക്കും. 

വിവാദത്തിന് താന്‍ ശ്രമിച്ചിട്ടില്ലെന്നും സംഭവങ്ങളെ വ്യാഖ്യാനിച്ച് സംസ്ഥാന നേതാക്കള്‍ വിവാദമുണ്ടാക്കുകയായിരുന്നുവെന്നുമാണ് തരൂരിന്‍റെ നിലപാട്. മുഖ്യമന്ത്രി പദത്തെ സംബന്ധിച്ച പ്രതികരണത്തിലും തരൂര്‍ വ്യക്തത വരുത്തും. വിമത നീക്കത്തിനായിരുന്നു  ശ്രമമെന്ന ആക്ഷേപവും നിഷേധിക്കും. പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്താനാണ് കെപിസിസി ശ്രമിക്കുന്നതെന്ന് തരൂരിന് പരാതിയുണ്ട്.

പൊതു, സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുന്നത് കൂടി പാര്‍ട്ടിയെ അറിയിക്കണമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് തരൂര്‍ പക്ഷവും ചൂണ്ടിക്കാട്ടുന്നു. പ്രവര്‍ത്തക സമിതിയിലേക്കടക്കമുള്ള വഴി അടക്കുക എന്നതാണ് തനിക്കെതിരെ നീങ്ങുന്ന സംസ്ഥാന നേതാക്കളുടെ ഉന്നമെന്നാണ് തരൂര്‍ കരുതുന്നത്. സംസ്ഥാനത്തെ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍  പ്രവര്‍ത്തക സമിതി അംഗത്വം തുലാസിലായേയക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കൂടിയാണ്  നേതൃത്വത്തെ കണ്ട് തന്‍റെ ഭാഗം വിശദീകരിക്കാന്‍ തരൂര്‍ തീരുമാനിച്ചത്.

click me!