
ജോഷിമഠ്: നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടിട്ടും ജോഷിമഠിലെ ഭൗമപ്രതിസന്ധിക്ക് ആക്കം കൂട്ടിയ എൻടിപിസി ജലവൈദ്യുതി പദ്ധതിയുടെ നിർമ്മാണം തുടരുന്നു. നിർമ്മാണ പ്രവൃത്തികൾ സജീവമായി തുടരുന്നതിൻ്റെ തെളിവുകൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ശങ്കാരാചാര്യ മഠത്തിലും വിള്ളലിനിടയാക്കിയത് പദ്ധതിയുടെ ഭാഗമായ തുരങ്ക നിമ്മാണമെന്ന് മഠം വിമർശിച്ചു.
ജോഷിമഠിൽ വീടുകളിലും കെട്ടിടങ്ങളിലും വിള്ളൽ കണ്ടതിന് തൊട്ടുപിന്നാലെ തപോവൻ പദ്ധതിയടക്കം, പ്രദേശത്തെ എല്ലാ നിർമ്മാണ പ്രവത്തനങ്ങളും നിർത്തിവെക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. എന്നാൽ ഭൂമി ഇടിഞ്ഞ് താഴ്ന്ന് ജോഷിമഠിൽ ജനങ്ങൾ ഭീതിയിൽ കഴിയുമ്പോഴും ഉത്തരവ് കാറ്റിൽ പറത്തി, എൻടിപിസിയുടെ തപോവൻ - വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതി തുടരുകയാണെന്ന് സമരസമിതി വക്താവ് കമൽ റത്തൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ജോഷിമഠിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ ഇപ്പുറത്ത് ഹെലാംഗ് എന്ന സ്ഥലത്താണ് തപോവൻ - വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതി നടക്കുന്നത്. ഇവിടെ ഇന്നലെയും ജോലിക്കായി തൊഴിലാളികളെത്തി എന്നതിൻറെ തെളിവായി ഹാജർ രേഖകൾ പുറത്തു വന്നു. പദ്ധതിയുടെ ഭാഗമായി ഭൂമിക്കടിയിലൂടെ പാറ തുരന്ന് രണ്ട് തുരങ്കങ്ങളാണ് നിമ്മിക്കുന്നത്. ഒന്ന് തപോവനിലും മറ്റൊന്ന് സെലാങ്ങിലും. ഈ തുരങ്ക നിർമ്മാണമാണ് ദുരിതങ്ങൾക്ക് മുഴുവൻ കാരണമെന്ന് ജോഷിമഠുകാർ വിശ്വസിക്കുന്നു.
തുരങ്ക നിർമ്മാണത്തിനായി നടത്തിയ സ്ഫോടനങ്ങളിൽ പാറകൾക്ക് അടിയിലെ മഞ്ഞുകട്ടികൾ പൊട്ടിയത് ജോഷിമട്ടിൽ മണ്ണൊലിപ്പിലേക്ക് നയിച്ചിട്ടുണ്ടോയെന്ന് പഠനം ഇപ്പോഴും തുടരുകയാണെന്നും, അതുവരെ പദ്ധതി നിത്തിവയ്ക്കാൻ ഉത്തരവിട്ടുവെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam