കലോത്സവത്തിലെ സ്വാ​ഗത​ഗാനവിവാദം, ഭൂപതിവ് ഭേ​ദ​ഗതി, സെഞ്ച്വറിയുമായി കിങ് കോലി -ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

Published : Jan 10, 2023, 07:32 PM ISTUpdated : Jan 10, 2023, 07:34 PM IST
കലോത്സവത്തിലെ സ്വാ​ഗത​ഗാനവിവാദം, ഭൂപതിവ് ഭേ​ദ​ഗതി, സെഞ്ച്വറിയുമായി കിങ് കോലി -ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

Synopsis

പേരാമ്പ്രയിലെ മാത കലാ കേന്ദ്രത്തിന് സ്കൂള്‍ കലോല്‍സവത്തിൽ ഇനി അവസരം നൽകില്ലെന്ന് വി. ശിവൻകുട്ടി വ്യക്തമാക്കി. എന്നാൽ വിവാദം ദുരുദ്ദേശ്യപരമാണെന്നും കലോത്സവ വേദിയിലെ പരിപാടി കഴിഞ്ഞപ്പോൾ ആദ്യം ഉപഹാരം നൽകിയത് മന്ത്രി മുഹമ്മദ് റിയാസാണെന്നും കലാകേന്ദ്രം ഡയറക്ടർ കനകദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തിൽ സിപിഎം  നിലപാട് കടുപ്പിച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തിൽ സിപിഎം  നിലപാട് കടുപ്പിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പേരാമ്പ്രയിലെ മാത കലാ കേന്ദ്രത്തിന് സ്കൂള്‍ കലോല്‍സവത്തിൽ ഇനി അവസരം നൽകില്ലെന്ന് വി. ശിവൻകുട്ടി വ്യക്തമാക്കി. എന്നാൽ വിവാദം ദുരുദ്ദേശ്യപരമാണെന്നും കലോത്സവ വേദിയിലെ പരിപാടി കഴിഞ്ഞപ്പോൾ ആദ്യം ഉപഹാരം നൽകിയത് മന്ത്രി മുഹമ്മദ് റിയാസാണെന്നും കലാകേന്ദ്രം ഡയറക്ടർ കനകദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കലോത്സവത്തിലെ സ്വാഗതഗാനത്തില്‍ വിവാദ ഭാഗം എങ്ങിനെ കടന്നുകൂടിയെന്ന് പരിശോധിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറ്ടർക്കുള്ള മന്ത്രിയുടെ നിർദേശം. മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതിൽ വിമര്‍ശനത്തിന് തുടക്കമിട്ടത് മുസ്ലിം ലീഗായിരുന്നു.

ഭൂപതിവ് നിയമം ഭേദഗതി ചെയ്യാൻ സർക്കാർ, നിയമനിർമാണം ഉടൻ

പട്ടയവ്യവസ്ഥ ലംഘിച്ച വൻകിട നിര്‍മ്മാണങ്ങള്‍ക്ക് നിയമസാധുത നൽകും വിധം ഭൂപതിവ് നിയമം ഭേദഗതി ചെയ്യാൻ സര്‍ക്കാര്‍ തീരുമാനം. കാര്‍ഷികാവശ്യത്തിന് അനുവദിച്ച ഭൂമിയുടെ വക മാറ്റിയുള്ള ഉപയോഗവും ക്രമപ്പെടുത്തും. 23 ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ഭേദഗതി ബില്ല് അവതരിപ്പിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. 1964 ലെ ചട്ടമനുസരിച്ചാണ് പട്ടയഭൂമിയുടെ വിതരണം. എന്താവശ്യത്തിനാണോ ഭൂമി പതിച്ച് നൽകിയത് അതിന് മാത്രമെഉപയോഗിക്കാവൂ എന്നുവന്നത്. പട്ടയഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ വകുപ്പ് ചേര്‍ക്കാനാണ് നിയമ ഭേദഗതി. ജീവിതോപാധിക്കായി നടത്തിയ ചെറു നിര്മ്മാണങ്ങളും കാർഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമപ്പെടുത്തി നൽകുന്നിനാകും മുൻഗണന. അപേക്ഷ ഫീസും ക്രമവല്‍ക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ചട്ടത്തിൽ ഉൾപ്പെടുത്തും. 

ആശ്രിത നിയമനത്തിൽ നിയന്ത്രണത്തെ ശക്തമായി എതിർത്ത് സർവീസ് സംഘടനകൾ 

ആശ്രിതനിയമനത്തിൽ നിയന്ത്രണം കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തെ കൂട്ടത്തോടെ എതിർത്ത് സർവീസ് സംഘടനകൾ.  ഉപാധികളോടെ നാലാം ശനിയാഴ്ച അവധി ദിനമാക്കുന്നതിനെയും ഭരണാനുകൂല സംഘടനകളടക്കം അനുകൂലിക്കാത്തതോടെ ചീഫ് സെക്രട്ടറി വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. സർവീസിലിരിക്കെ മരിച്ചാൽ ഒരു വർഷത്തിനകം മാത്രം ആശ്രിതർക്ക് നിയമനം, അല്ലെങ്കിൽ 10 ലക്ഷം രൂപ സഹായമെന്ന നിർദേശം ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടരി വിളിച്ച യോഗത്തിൽ ഇടത് അനുകൂല സംഘടനകൾ അടക്കം ഉയർത്തിയത് കടുത്ത എതിർപ്പ്. നിയമനം പരിമിതിപ്പെടുത്താനുള്ള ഒരുനീക്കവും അംഗീകരിക്കില്ലെന്നും കാലതാമസം ഒഴിവാക്കാൻ അതാത് വകുപ്പുകളിൽ മാത്രം നിയമനം എന്ന നിലവിലെ രീതിക്ക് പകരം പുതിയ നിർദ്ദേശവും ഇഠത് സംഘടനകൾ മുന്നോട്ട് വെച്ചു. ജോലി വേണ്ട പത്ത് ലക്ഷം സഹായധനം മതി എന്ന് ആവശ്യപ്പെടുന്നവർക്ക് മാത്രം ആ നിർദ്ദേശം പരിഗണിക്കാമെന്നും ഇടത് സംഘടനകൾ നിലപാടെടുത്തു. നാലാം ശനിയാഴ്ച ഉപാധികളില്ലാതെ അവധി എന്നായിരുന്നു സർക്കാർ ആദ്യം മുന്നോട്ട് വെച്ചത്. എന്നാൽ പകരം ഓരോ ദിവസവും 15 മിനുട്ട് അധികം ജോലിയും വർഷത്തിൽ അഞ്ച് കാഷ്യൽ ലീവ് വെട്ടിക്കുറക്കുമെന്നുമുള്ള ഉപാധി പുതുതായി വെച്ചതും എതിർപ്പിന് കാരണമായി. 

വിണ്ടുകീറുന്ന ജോഷിമഠിൽ ജലവൈദ്യുതി പദ്ധതി നിർമാണം നിർത്തിവെക്കാതെ അധികൃതർ

 നി‍ർമ്മാണ പ്രവ‍‍‍ർത്തനങ്ങൾ നി‍ർത്തിവെക്കാൻ ഉത്തരവിട്ടിട്ടും ജോഷിമഠിലെ ഭൗമപ്രതിസന്ധിക്ക് ആക്കം കൂട്ടിയ എൻടിപിസി ജലവൈദ്യുതി പദ്ധതിയുടെ നി‍‍ർമ്മാണം തുടരുന്നു. നി‍‍ർമ്മാണ പ്രവ‍ർത്തികൾ സജീവമായി തുടരുന്നതിൻറെ തെളിവുകൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ശങ്കാരാചാര്യ മഠത്തിലും വിള്ളലിനിടയാക്കിയത് പദ്ധതിയുടെ ഭാഗമായ തുരങ്ക നി‍‍മ്മാണമെന്ന് മഠം വിമ‍‍ർശിച്ചു. പദ്ധതിയുടെ ഭാഗമായി ഭൂമിക്കടിയിലൂടെ പാറ തുരന്ന് രണ്ട് തുരങ്കങ്ങളാണ് നി‍മ്മിക്കുന്നത്. ഒന്ന് തപോവനിലും മറ്റൊന്ന് സെലാങ്ങിലും. ഈ തുരങ്ക നി‍‍ർമ്മാണമാണ് ദുരിതങ്ങൾക്ക് മുഴുവൻ കാരണമെന്ന് ജോഷിമഠുകാ‍‍‍ർ വിശ്വസിക്കുന്നു. ജോഷിമഠിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഒരുങ്ങി സർക്കാർ. രണ്ട് ഹോട്ടലുകളാണ് ആദ്യഘട്ടത്തിൽ പൊളിച്ചു മാറ്റുന്നത്. നഷ്ട പരിഹാരം കണക്കാക്കാതെ കെട്ടിടങ്ങൾ പൊളിക്കുന്നതിലും ജനങ്ങൾക്ക് ആശങ്കയുണ്ട്.

തമിഴ്നാട്ടിലും ​ഗവർണർ-സർക്കാർ പോര്, ​ഗോ ബാക്ക് രവി ബാനറുയർത്തി ഡിഎംകെ

തമിഴ്നാട്ടിലെ ഗവ‍‍ണർ‍ സർക്കാർ പോരിൽ വിട്ടുവീഴ്ചക്കില്ലാതെ ഇരുപക്ഷവും. ഇന്ന് രാജ്ഭവൻ പുറത്തിറക്കിയ ഗവ‍ർണറുടെ പൊങ്കൽ വിരുന്നിന്‍റെ ക്ഷണക്കത്തിൽ തമിഴ്നാട് സർക്കാരിന്‍റെ മുദ്ര വച്ചിട്ടില്ല. തമിഴക ഗവ‍ർണർ എന്നാണ് കത്തിൽ ഗവർണർ സ്വയം അഭിസംബോധന ചെയ്യുന്നത്. തമിഴ്നാടിന്‍റെ പേര് തമിഴകം എന്നാക്കണമെന്ന ഗവർണറുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വിവാദമായിരുന്നു. ഡിഎംകെയും സഖ്യകക്ഷികളും രാജ്ഭവന് മുന്നിൽ സമരങ്ങൾ പ്രഖ്യാപിച്ചു. ഡിഎംകെയും സഖ്യകക്ഷികളും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഗവർണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഗോ ബാക്ക് രവി എന്നെഴുതിയ ബാനറുകൾ ഡിഎംകെ പ്രവർത്തകർ നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളിൽ സ്ഥാപിച്ചു. ഈ ഹാഷ്ടാഗ് സാമൂഹിക മാധ്യമങ്ങളിലും ട്രൻഡിംഗാണ്. എല്ലാ ഡിഎംകെ സഖ്യകക്ഷികളും ഗവർണർക്കെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലാണ്. പൊങ്കൽ വിരുന്നിന്‍റെ ക്ഷണക്കത്തിൽ തമിഴക ഗവർണർ എന്ന് സ്വയം വിശേഷിപ്പിച്ച് ഗവർണറും വിട്ടുവീഴ്ചക്കില്ലെന്ന സന്ദേശം നൽകി. ഗവർണർ കീഴ്വഴക്കം ലംഘിച്ചെന്ന് മക്കൾ നീതിമയ്യം നേതാവ് കമൽ ഹാസനും ഗവർണർ രാജി വയ്ക്കണമെന്ന് എംഡിഎംകെ നേതാവ് വൈക്കോയും ആവശ്യപ്പെട്ടു. അതേസമയം ഗവർണറെ പിന്തുണച്ചുകൊണ്ട് ബിജെപിയും അണ്ണാ ‍ഡിഎംകെയും രംഗത്തുണ്ട്.

​ഗവർണർ-സർക്കാർ പോര്, സതീശനെ തള്ളി കുഞ്ഞാലിക്കുട്ടി

ഗവർണർ സർക്കാർ പോരിൽ സതീശന്റെ നിലപാട് തള്ളി മുസ്ലിം ലീഗ്. സംസ്ഥാനത്ത് ഗവർണർ-സിപിഎം ഒത്തുകളിയെന്ന് ലീഗിനഭിപ്രായമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എല്ലാ ബിജെപി ഇതര സംസ്ഥാനങ്ങളിലും അരങ്ങേറുന്നത് ഗവർണർമാരുടെ
ഫെഡറൽ വിരുദ്ധതയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവർണറുമായി അനുരഞ്ജനത്തിന് സർക്കാരിന് പ്രശ്നമില്ലെന്ന് മന്ത്രി ആർ.ബിന്ദു വ്യക്തമാക്കി. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലിൽ ഒപ്പിടുമെന്നാണ് പ്രതീക്ഷ. ഒപ്പിട്ടില്ലെങ്കിൽ ഭരണഘടന അനുസരിച്ച് സർക്കാർ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു

ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ പ്രതികളില്‍ രണ്ട് പേർ സിപിഎം പ്രവർത്തകർ

ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലറുടെ വാഹനത്തിൽ ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ പ്രതികളില്‍ രണ്ട് പേർ സിപിഎം പ്രവർത്തകർ. മുഖ്യപ്രതി ഇജാസ് സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും സജാദ് ഡിവൈഎഫ് ഐ യൂണിറ്റ് സെക്രട്ടറിയുമാണ്. വിഷയം ചര്‍ച്ച ചെയ്യാൻ അടിയന്തിര ജില്ലാ സെക്രട്ടറിയേറ്റ് യോഗം അൽപസമയത്തിനകം ചേരും. ലഹരി വിരുദ്ധ സന്ദേശവുമായി സർക്കാറും സിപിഎമ്മും ഡിവൈഎഫ്ഐയും സജീവമാകുമ്പോഴാണ് ലഹരിക്കേസിൽ സിപിഎം പ്രവർത്തകർ പിടിയിലാകുന്നത്. 

ലോക്സഭ മടുത്തു, ഇനി നിയമസഭ മതി മനംമാറ്റവുമായി കോൺ​ഗ്രസ് എംപിമാർ

 ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമുഖത കാട്ടി കൂടുതല്‍ കോണ്‍ഗ്രസ് എംപിമാര്‍. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പരസ്യമായി എംപിമാർ പ്രകടിപ്പിച്ചതോടെ നേതൃത്വം പരുങ്ങലിലായി. സിറ്റിങ് എംപിമാരില്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്ന് ശശി തരൂർ പറഞ്ഞു. സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിൻറ പ്രതികരണം. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന തോല്‍വിയും നിയമസഭയില്‍ മത്സരിച്ച് സര്‍ക്കാരിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയുമാണ്സിറ്റിങ് എംപിമാരില്‍ പലരുടെയും മനംമാറ്റത്തിന് കാരണം. സംസ്ഥാന രാഷ്ട്രീയത്തില്‍ ശശി തരൂര്‍ സജീവമാകുകയും പാര്‍ട്ടിക്ക് പുറത്ത് സ്വീകാര്യത കൂടുകയും ചെയ്യുന്നത് എംപിമാരുടെ തീരുമാനങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. രാജ്മോഹന്‍ ഉണ്ണിത്താന്‍, അടൂര്‍ പ്രകാശ്, ടിഎന്‍ പ്രതാപന്‍ തുടങ്ങിയവര്‍ക്ക് നിയമസഭയിലാണ് കണ്ണ്. മുഖ്യമന്ത്രിയാകാൻ താല്പര്യമുണ്ടെന്ന ശശിതരൂരിൻറെ പ്രഖ്യാപനവും മതസാമുദായിക നേതൃത്വങ്ങളില്‍ നിന്ന് തരൂരിന് ലഭിക്കുന്ന സ്വീകാര്യതയും കൂടുതല്‍ എംപിമാരെ സ്വാധീനിക്കുന്നുണ്ട്. എംകെ രാഘവന്‍ എംപി ഉള്‍പ്പടെ പാര്‍ലമെന്‍റില്‍ മത്സരിക്കാതെ നിയമസഭയിലേക്ക് ഇറങ്ങുമെന്നും സൂചനയുണ്ട്. സിറ്റിങ് എംപിമാരുടെ കളംമാറ്റം യുഡിഎഫിന്‍റെ ആത്മവിശ്വാസത്തെ തകിടംമറിക്കും. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളെയും പിന്നോട്ടടിക്കും. ചുരുക്കത്തില്‍ ശശി തരൂരിന്‍റെ രാഷ്ട്രീയ നീക്കങ്ങള്‍ കൂടുതല്‍ സിറ്റിങ് എംപിമാരെ സ്വാധീനിക്കുമെന്ന് ഉറപ്പ്. 

60 ജിഎസ്എമ്മിന് മുകളിലുളള പ്ലാസ്റ്റിക് ക്ലാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കി 

സംസ്ഥാനത്ത് അറുപത് ജിഎസ്എമ്മിന് മുകളിലുളള പ്ലാസ്റ്റിക് ക്ലാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര നിയമം നിലനിൽക്കെ സംസ്ഥാന സർക്കാർ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി. എന്നാൽ അറുപത് ജിഎസ്എമ്മിന് താഴെയുളള ഒറ്റത്തവണ ഉപയോഗത്തിനുളള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം തുടരും. സംസ്ഥാനത്തെ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പൂർണമായി തടഞ്ഞുകൊണ്ട് സംസ്ഥാന സർക്കാർ‍‍‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ അറുപത് ജി എസ് എമ്മിന് മുകളിലുളള നോൺ വൂവൺ ക്യാരി ബാഗുകൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ അടുത്തയിടെ നിയമഭേദഗതി കൊണ്ടുവന്നു.സാധാരണ കടകളിലും മറ്റും കൊടുക്കുന്ന ക്യാരിബാഗുകളുടെ നിരോധനം തുടരും. നശിക്കുന്നില്ല എന്നതുമാത്രമല്ല പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നുഎന്നതുമാണ് പ്രധാന കാരണം. 

സെഞ്ച്വറിയുമായി വീണ്ടും കോലി

 ലങ്കയ്‌ക്കെതിരെ ഒന്നാം ഏകദിനത്തില്‍ വിരാട് കോലിക്ക് സെഞ്ചുറി. 87 പന്തുകള്‍ നേരിട്ട കോലി ഒരു സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതാണ് കോലിയുടെ ഇന്നിംഗ്‌സ്. ഏകദിനത്തില്‍ കോലിയുടെ 45-ാം സെഞ്ചുറിയാണിത്. അഞ്ച് സെഞ്ചുറികള്‍ കൂടി നേടിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് പഴങ്കഥയാവും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സാണ് നേടിയത്.

PREV
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ