മരട് ഫ്ലാറ്റുകൾ ഒഴിയാനുള്ള അവസാന ദിനം നാളെ: ഫ്ലാറ്റുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

By Web TeamFirst Published Sep 13, 2019, 10:24 AM IST
Highlights

അർഹമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്ലാറ്റുകളിൽ നിന്നൊഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉടമകള്‍. 

കൊച്ചി: മരടിലെ ഫ്ളാറ്റുകൾ ഒഴിയാൻ നഗരസഭ നൽകിയ കാലാവധി നാളെ അവസാനിക്കാനിരിക്കെ പ്രതിഷേധം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ഫ്ലാറ്റുടമകള്‍. ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് കൈപ്പറ്റിയിട്ടില്ലെങ്കിലും നോട്ടീസിന് നഗരസഭയ്ക്ക് മറുപടി നല്‍കിയെന്ന് ഫ്ലാറ്റുടമകള്‍ പറഞ്ഞു. പന്ത്രണ്ട് ഫ്ലാറ്റ് ഉടമകളാണ് നഗരസഭയ്ക്ക് മറുപടി നൽകിയത്. 

അർഹമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്ലാറ്റുകളിൽ നിന്നൊഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉടമകള്‍. നോട്ടീസ് നൽകിയത് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനും ഫ്ലാറ്റ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്.  രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്നും ഫ്ലാറ്റിന് മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല റിലേ സത്യഗ്രഹവും തുടങ്ങുമെന്നും താമസക്കാര്‍ പറയുന്നു. 

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ച് ഫ്ലാറ്റുകളിലെ 357 കുടുംബങ്ങളോടും ‌അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുകൊടുക്കണമെന്നായിരുന്നു നഗരസഭയുടെ നിർദ്ദേശം. പത്താം തീയതിയാണ് ഇത് സംബന്ധിച്ച നഗരസഭ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്.  നോട്ടീസ് കുടുംബങ്ങൾ കൈപ്പറ്റിയിട്ടില്ലെങ്കിലും ചുവരുകളിൽ പതിപ്പിച്ച് നഗരസഭ സെക്രട്ടറി മടങ്ങുകയായിരുന്നു. 
 

 

 

click me!