
തൃശ്ശൂർ : വിവരങ്ങൾ പൗരന് ക്രമമായി ലഭ്യമാകുന്ന വിധത്തിൽ ഫയലുകൾ സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഓഫീസ് മേധാവിക്കാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ എം ദിലീപ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് വിവരങ്ങൾ ലഭ്യമല്ല, വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നീ മറുപടികൾ പറഞ്ഞ് വിവരങ്ങൾ നിരസിച്ചാൽ ഓഫീസ് മേധാവിക്കെതിരെ കർശന നടപടി സ്വീകരിക്കും.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മാത്രമല്ല ഫയലുകൾ കൈകാര്യം ചെയ്യുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കും വിവരാവകാശ നിയമം അറിഞ്ഞിരിക്കണം. സമയബന്ധിതമായി വിവരങ്ങൾ ലഭ്യമാക്കുക എന്നത് ജനങ്ങളുടെ അവകാശമാണ്. നിയമം അനുശാസിക്കുന്ന വ്യവസ്ഥകൾക്കുള്ളിൽ നിന്നുകൊണ്ട് വിവരങ്ങൾ നൽകണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിങിൽ പരിഗണിച്ച 30 കേസുകളിൽ 26 എണ്ണം തീർപ്പാക്കി. നാല് എണ്ണം അടുത്ത സിറ്റിങ്ങിനായി മാറ്റി വെച്ചു. റവന്യു, പൊലീസ്, തദ്ദേശസ്വയംഭരണം, പിഡബ്ല്യൂഡി, കെഎസ്ഇബി, ദേവസ്വം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam