
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ മദ്യനയം 5 വർഷത്തേക്ക് ആക്കുന്നത് സര്‍ക്കാർ പരിഗണിക്കുന്നതിനെ സ്വാഗതം ചെയ്തു ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ. വ്യവസായ സൗഹൃദ നീക്കമാണ് ഇതെന്ന് അസോസിയേഷൻ പ്രസിഡന്‍റ് കെ ബി പത്മദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പത്തു കൊല്ലം മുമ്പ് ഘട്ടംഘട്ടമായി ബാറുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കം ഉണ്ടായിരുന്നു. അതിൽ നിന്നുള്ള മാറ്റം സ്വാഗതാർഹമാണ്. കാലങ്ങളായി ഈ രംഗത്തുള്ളവർ ആവശ്യപ്പെട്ട കാര്യമാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. എങ്കിലും എക്സൈസ് മന്ത്രിയുടെ ഇന്നലത്തെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു എന്നും കെ ബി പത്മദാസ് പറഞ്ഞു.
സംസ്ഥാനത്തിന്‍റെ മദ്യനയം 5 വർഷത്തേക്ക് ആക്കുന്നത് സർക്കാരിന്‍റെ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ് ഇന്നലെയാണ് വ്യക്തമാക്കിയത്. നിലവിൽ ഒരോ വർഷത്തിനുമായാണ് മദ്യനയം രൂപീകരിക്കുന്നത്. ഇത് മദ്യ നിർമ്മാണ വ്യവസായത്തെ ബാധിക്കുന്നുണ്ട്. ദീർഘകാല മദ്യനയം ഇല്ലാത്തതിനാൽ വ്യവസായികൾ കേരളത്തിൽ വരാൻ മടിക്കുന്നു. മദ്യനയം അടുത്ത വർഷം മാറുമോ എന്നതാണ് വ്യവസായികളുടെ ആശങ്ക. ഇത് പരിഹരിക്കാനായി ദീർഘകാല മദ്യനയം വേണമെന്നും ഇതു സംബന്ധിച്ച ചർച്ചകൾ നടക്കണമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
അതേസമയം, കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കണമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. തദ്ദേശീയമായി മദ്യ ഉൽപ്പാദനം വർധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം. പ്രദേശികമായ എതിർപ്പുകൾ വരാം. എന്നാൽ, അത് പരിഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ 9 ഡിസ്‌ലറികൾ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം ഉൽപാദിപ്പിക്കുന്നില്ല. കേരളത്തിന് തന്നെ മദ്യം ഉൽപാദിപ്പിക്കാവുന്നതാണ്. ചില സ്ഥാപിത താൽപ്പര്യക്കരാണ് തദ്ദേശീയമായ മദ്യ ഉൽപാദനത്തെ എതിർക്കുന്നത്. വെള്ളത്തിന്‍റെ പ്രശ്നം പറയുന്നവരുണ്ട്. കർണാടകയിൽ ഇല്ലാത്ത വെള്ളത്തിന്‍റെ എന്ത് പ്രശ്നമാണ് കേരളത്തിൽ ഉള്ളത്? സ്ഥാപിത താൽപര്യങ്ങൾക്ക് മുമ്പിൽ വഴങ്ങില്ലെന്നും വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതി ചില ചുവടുവെപ്പുകൾ എടുക്കാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam