ശബരിമല നട ഇന്നു തുറക്കും, പടിപൂജയും ഉദയാസ്‍തമയ പൂജയും ഒഴിവാക്കിയതായി ദേവസ്വം ബോര്‍ഡ്

By Web TeamFirst Published Mar 13, 2020, 7:43 AM IST
Highlights

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമലയിൽ ഉദയാസ്തമയ പൂജയും പടിപൂജാ ചടങ്ങുകളും ഒഴിവാക്കിയിട്ടുണ്ട്. 


പത്തനംതിട്ട: മാസപൂജക്കായി ശബരിമല നട ഇന്നു തുറക്കും. അതേസമയം ക്ഷേത്രം തുറന്നാല്‍ തീര്‍ത്ഥാടകര്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് ദേവസ്വം ബോര്‍ഡും ജില്ലാ ഭരണകൂടവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമലയിൽ ഉദയാസ്തമയ പൂജയും പടിപൂജാ ചടങ്ങുകളും ഒഴിവാക്കിയിട്ടുണ്ട്. ജാഗ്രതാ നിർദേശത്തിന്‍റെ ഭാഗമായി തീർത്ഥാടകർക്ക് പമ്പയിലും സന്നിധാനത്തും താമസിക്കാൻ മുറികൾ നൽകില്ല. വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. 

കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ച 6 ആളുകളടക്കം 28 പേരാണ് നിലവില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസോലേഷൻ വാർഡുകളിൽ തുടരുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 48 പേരേയും, രണ്ടാം തലത്തിൽ അടുത്തിടപഴകിയ 256 പേരേയും ആരോഗ്യവകുപ്പ് കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 

വീടുകളില്‍ 1237 പേര്‍ നിരീക്ഷണത്തിലാണ്. ഇറ്റലി അല്ലാതെ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്ന 19 പേരും ഇക്കൂട്ടത്തിലുണ്ട്. 33 പേരുടെ സാംപിള്‍ പരിശോധന ഫലം ഇനിയും വരാനുണ്ട്. ജില്ലയില്‍ മാര്‍ച്ച് 25 വരെ മൈക്രോ ഫിനാന്‍സ്, ബാങ്ക് വായ്പാ പിരിവുകള്‍ നിര്‍ത്തിവെക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ശബരിമല നട തുറക്കുന്ന പശ്ചാത്തലത്തില്‍ തീർത്ഥാടകർ മുൻകരുതലെടുക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. 

click me!