വിജിലൻസിലെ വിവരാവകാശ വിലക്ക്: കൊള്ളമുതൽ പങ്കിടാനുള്ള നാടകം എഐസിസിയുടെ മൗനാനുവാദമുണ്ടോ? ചോദ്യവുമായി പിണറായി

Published : Oct 24, 2026, 07:00 PM IST
pinarayi vijayan

Synopsis

വിജിലൻസിലെ വിവരാവകാശ വിലക്ക് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കമാണെന്ന് പിണറായി വിജയൻ ആരോപിച്ചു. ഈ നടപടിക്ക് എഐസിസിയുടെ മൗനാനുവാദമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അഴിമതിക്കാരായ ഉന്നതരെ രക്ഷിക്കാനാണ് ഈ വിജ്ഞാപനമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: വിജിലൻസിലെ വിവരാവകാശ വിലക്കിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തീവെട്ടിക്കൊള്ള മറയ്ക്കാനാണ് സർക്കാർ നടപടിയെന്ന് പിണറായി ആരോപിച്ചു. അഴിമതി മൂടിവെക്കാനുള്ള നഗ്നമായ ഇടപെടലാണ് നടന്നത്. യുഡിഎഫ് സർക്കാറിന്റെ തീരുമാനത്തിന് എഐസിസിയുടെ മൗനാനുവാദം ഉണ്ടോ എന്നും പിണറായി ചോദിച്ചു.

അധികാരമേറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാൻ വിവരാവകാശത്തിന്റെ കഴുത്തുഞെരിക്കുകയാണ് യുഡിഎഫ് സർക്കാർ. രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും അഴിമതി ഫയലുകൾ ഒളിപ്പിച്ചുവെക്കാൻ വിജിലൻസിലെ 'ടി' ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മുടി വെക്കാനുള്ള നഗ്നമായ ഇടപെടലാണെന്നും പകൽക്കൊള്ളക്കാർക്ക് പരസ്യമായി കുടപിടിച്ചു കൊടുക്കലാണിതെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരെയുള്ള വിജിലൻസ് രേഖകൾ പുറത്തുവന്ന് മുഖം വികൃതമായപ്പോൾത്തന്നെ ഇറങ്ങിയ ഈ വിജ്ഞാപനം ഭരണത്തണലിൽ അഴിമതി ആറാട്ട് നടത്തുന്ന ഉന്നതരെ രക്ഷിച്ചെടുക്കാനുള്ള വെപ്രാളമാണ്. വിവരാവകാശ നിയമം തങ്ങളുടെ 'തറവാട്ടുസ്വത്ത്' ആണെന്ന് മേനിപറഞ്ഞു നടന്ന കോൺഗ്രസ്, അതേ നിയമത്തിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കുകയാണെന്നും അ​ദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സമ്മർദ്ദവും ഇടപെടലും കാരണമാണ് യുപിഎ കാലത്ത് ഈ ജനകീയ ആയുധം രാജ്യത്ത് പിറവിയെടുത്തത്. എന്നാൽ ഇന്ന് സ്വന്തം തട്ടിപ്പുകൾ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നതിന് വിവരാവകാശ നിയമം കാരണമാകും എന്ന ഭയമാണ് കോൺഗ്രസ് നേതൃത്വത്തെ നയിക്കുന്നത്. ഭരണത്തിലെ സുതാര്യതയെയും ഉത്തരവാദിത്തത്തെയും ഒരു സർക്കാർ ഇത്രമാത്രം ഭയക്കുന്നുണ്ടെങ്കിൽ, അവിടെ അഴിമതിയുടെ വേരുകൾ എത്രമാത്രം ആഴത്തിൽ പടർന്നിട്ടുണ്ടാകും എന്നാണ് ചിന്തിക്കേണ്ടത്.

ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് വിലങ്ങിട്ട് കൊള്ളമുതൽ പങ്കിട്ടെടുക്കാനുള്ള കേരളത്തിലെ ഈ ജനവിരുദ്ധ നാടകത്തിന് എഐസിസി നേതൃത്വത്തിന്റെ മൗനാനുവാദമുണ്ടോ എന്ന് വ്യക്തമാക്കണം. കട്ടവനെ കാവൽക്കാരനാക്കി മാറ്റുന്ന ഈ കള്ളക്കളി കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കനത്ത മഴ; ജാ​ഗ്രത, നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകളിലേക്ക് വിനോദസഞ്ചാരികൾക്ക് നിയന്ത്രണം
തൃശൂർ പുതുക്കാട് പൊള്ളലേറ്റുള്ള വയോധികന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി; മകൻ അറസ്റ്റിൽ