
പത്തനംതിട്ട: മഴ മാറിയതോടെ ശബരിമലയിൽ (Sabarimala) തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. നിലയ്ക്കൽ നിന്നും സന്നിധാനത്തേക്ക് ഘട്ടം ഘട്ടമായാണ് ഭക്തരെ കയറ്റിവിടുന്നത്. ശബരിമല വനത്തിനുള്ളിലും കിഴക്കൻ മലയോര മേഖലയിലും മഴ നിർത്താതെ പെയ്തതോടെയാണ് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കക്കി, ആനത്തോട്, മൂഴിയാർ അണക്കെട്ടുകളുടെ ഷട്ടറുകകൾ ഉയർത്തിയതോടെ പമ്പ ത്രിവേണിയിൽ ക്രമാധീതമായി ജലനിരപ്പ് ഉയർന്നതും ആശങ്കയുണ്ടാക്കി. ഇന്നലെ രാത്രിയിലും പുലർച്ചയുമായി മുൻകുട്ടി ബുക്ക് ചെയ്ത് ശബരിമലയിലേക്ക് എത്തിയ ഭക്തരെ നിലയ്ക്കൽ നിന്നും പമ്പയിലേക്ക് കടത്തിവിട്ടില്ല.
അയ്യായിരത്തോളം തീർത്ഥാടകരാണ് നിലയ്ക്കലിൽ ക്യാമ്പ് ചെയ്തത്. രാവിലെ കാലവസ്ഥ അനുകൂലമായതോടെ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരും ശബരിമല എഡിഎം അർജുൻപാണ്ഡ്യനും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് നിയന്ത്രണങ്ങൾ നീക്കിയത്. ഒന്‍പത് മണി മുതലാണ് പമ്പയിലെത്തിയ തീർത്ഥാടകരെ സന്നിധാനത്തക്ക് കയറ്റി വിട്ടത്. പമ്പയിൽ മുമ്പ് ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നിലനിൽക്കും. എരുമേലി, പത്തനംതിട്ട,ചെങ്ങന്നൂർ എന്നിവിടങ്ങളിലും തങ്ങിയ തീർത്ഥാടകരേയും നിലയ്ക്കലേക്ക് വിട്ടു. തീർത്ഥാടകരെ നിയന്ത്രിച്ച് കടത്തി വിടുന്നതിൽ വെർച്ച്വൽ ക്യൂവിലെ സമയത്തിനും മാറ്റമുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരും. തമിഴ്നാടിന് മുകളിലായുള്ള ന്യൂനമർദ്ദത്തിന്‍റെ പ്രഭാവത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഇല്ലെങ്കിലും ജാഗ്രത തുടരണം. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. മലയോര മേഖലകളിലും വനമേഖലകളിലും കൂടുതൽ മഴ കിട്ടും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്ക് മുകളിലെത്തി. ഒരു ഷട്ടർകൂടി ആറ് മണിക്ക് ഉയർത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയർന്നു. 2399.88 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്‍റെ നിലവിലെ തുറന്ന ഷട്ടർ കൂടുതൽ ഉയർത്തിയേക്കും. 40 സെന്‍റിമീറ്ററില്‍ നിന്നും 80 ആക്കും.
അതേസമയം ആന്ധ്രയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 27 ആയി. ആനന്തപുരിൽ കെട്ടിടം തകർന്ന് രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. ചിറ്റൂരിൽ ഒഴുക്കിൽപ്പെട്ട് ഏഴ് പേർ മരിച്ചു. നന്തല്ലൂരിൽ 25 പേരെ കാണാതായി. കഡപ്പയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. 18 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ദേശീയ ദുരന്ത പ്രതികരണ സേനയുടെ കൂടുതല്‍ അംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചു.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. മണ്ണിടിച്ചിലില്‍ റോഡ് തകര്‍ന്നതോടെ തിരുപ്പതിയിലേക്കുള്ള സന്ദര്‍ശനം തല്‍ക്കാലത്തേക്ക് വിലക്കി. ഉപക്ഷേത്രങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നൂറ് കണക്കിന് തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്. ഹോട്ടലുകളിലും വഴിയിലും ഒറ്റപ്പെട്ട തീര്‍ത്ഥാടകരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam