റവന്യൂ വകുപ്പിലെ സ്റ്റാഫ് പാറ്റേൺ മാറ്റണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ വെക്കും: മന്ത്രി കെ രാജൻ

By Kiran GangadharanFirst Published Jun 17, 2021, 5:38 PM IST
Highlights

റവന്യു വകുപ്പിലെ സ്റ്റാഫ് പാറ്റേൺ 1964 ലെയാണ്. അത് സഹിക്കാവുന്നതിലും അപ്പുറമാണ്. ജോലിക്കാരുടെയും സർവെക്കാരുടെയും എണ്ണത്തിൽ മാറ്റമുണ്ടാകണം

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ സ്റ്റാഫ് പാറ്റേൺ കാലഹരണപ്പെട്ടതാണെന്ന് മന്ത്രി കെ രാജൻ. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന രേഖകൾ ആധികാരികമാണ്. അതിന്റെ എണ്ണം കുറയ്ക്കാനാവില്ല. ജീവനക്കാരുടെ ജോലി ഭാരം ലഘൂകരിക്കുക സർട്ടിഫിക്കറ്റിന്റെ എണ്ണം കുറച്ചല്ല. അതിന് ഇ-സംവിധാനം വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ വകുപ്പിലെ സ്റ്റാഫ് പാറ്റേൺ 1964 ലെയാണ്. അത് സഹിക്കാവുന്നതിലും അപ്പുറമാണ്. ജോലിക്കാരുടെയും സർവെക്കാരുടെയും എണ്ണത്തിൽ മാറ്റമുണ്ടാകണം. മന്ത്രിയെന്ന നിലയിൽ താനും ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണം എന്ന നിലപാടുകാരനാണ്. ഈ വകുപ്പാണ് ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണവുമായി റവന്യൂ വകുപ്പിലെ ജീവനക്കാരുടെ എണ്ണം താരതമ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ വിദ്യാഭ്യാസ പാക്കേജ് ആവശ്യം

തൊഴിൽ നൈപുണ്യത്തിന്റെ ഭാഗമായി റവന്യൂ വകുപ്പ് ജീവനക്കാർക്ക് പരിശീലനം അത്യാവശ്യമാണ്. റവന്യൂ ജീവനക്കാർക്ക് വേണ്ടി വിദ്യാഭ്യാസ പാക്കേജ് ആവശ്യമാണ്. ഉത്തരവുകളെ വ്യാഖ്യാനിക്കുന്നതിലും അത് നടപ്പാക്കുന്നതിലും അടക്കം അടിസ്ഥാന കാര്യങ്ങളിൽ പരിശീലനം നൽകേണ്ടതുണ്ട്. പരിശീലനം നേടിയാൽ മാത്രമേ തുടർ നടപടി സ്വീകരിക്കാനാവൂ എന്ന് നിർബന്ധിക്കപ്പെട്ടാലേ അത് കൃത്യമായി നടപ്പിലാക്കാനാവൂ. കേരളത്തിലെ റവന്യൂ ഉദ്യോഗസ്ഥർക്ക് വിവിധ കാറ്റഗറി തിരിച്ച് വിവിധ ടീമുകളായി സാമൂഹ്യ മാധ്യമങ്ങൾ വഴി ബന്ധിപ്പിക്കും. ഒരു സർക്കാർ ഉത്തരവ് ഇറങ്ങിയാൽ അതിനെ കുറിച്ച് അറിവും വ്യക്തതയും നൽകാനാവുന്ന ഇ-വിദ്യാഭ്യാസ കേന്ദ്രവും,  ഭൗതിക വിദ്യാഭ്യാസ സംവിധാനവും ഒരുക്കണമെന്നാണ് ലക്ഷ്യം. തിരുവനന്തപുരത്തെ ഐഎൽഡിഎം മാതൃകാ സ്ഥാപനമായി വികസിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

സർക്കാരിന്റെ ഉത്തരവുകളും ആനുകൂല്യങ്ങളും എങ്ങിനെയാണ് വിതരണം ചെയ്യേണ്ടതെന്ന് കൃത്യമായി നിർദ്ദേശം നൽകേണ്ടത്. ഒരു ഉത്തരവിറങ്ങുമ്പോൾ അതിന്റെ കൃത്യമായ വ്യാഖ്യാനം, അതുമായി ബന്ധപ്പെട്ട നിയമങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കണം. ഇതിനെല്ലാമായി ഒരു വെബ്സൈറ്റിലൂടെ ചെറിയ ചെറിയ രേഖകൾ, വീഡിയോകൾ എന്നിവ വഴി ലഭ്യമാക്കാനാണ് ആലോചിക്കുന്നത്. വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം വേണം. അതിനൊക്കെ വേണ്ടി സ്റ്റാഫ് പാറ്റേൺ മാറ്റാൻ ആവശ്യപ്പെടും. അത് എപ്പോൾ നടക്കുമെന്ന് പറയാനാവില്ല. എന്നാൽ അത്തരമൊരു ലക്ഷ്യം റവന്യൂ വകുപ്പിന് മുന്നിലുണ്ട്. ഇനി റവന്യു വകുപ്പിന്റെ ഓഫീസുകളിൽ പേരുദോഷമുണ്ടാക്കുന്ന ഏജന്റുമാർക്ക് വട്ടമിട്ട് പറക്കുന്ന രീതി അവസാനിപ്പിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

click me!