ഇളവുകള്‍ വാരിക്കോരി നല്‍കിയിട്ടും അതിന്‍റെ നേട്ടമൊന്നും ഉടമകള്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നില്ലെന്ന് ആരോപിച്ച് സമരത്തിന് ഒരുങ്ങുകയാണ് ഭരണാനുകൂല സംഘടന

തിരുവനന്തപുരം: വന്‍കിട തോട്ടങ്ങളില്‍ നിന്ന് റബ്ബര്‍ മരങ്ങള്‍ മുറിക്കുമ്പോള്‍ ഈടാക്കിയിരുന്ന തുക തോട്ടം ഉടമകളുടെ അഭ്യര്‍ത്ഥന മാനിച്ച് സര്‍ക്കാര്‍ വേണ്ടെന്നു വച്ചത് വഴി ഖജനാവിന് നഷ്ടമായത് കോടികള്‍. ഈ തുക വേണ്ടെന്നുവച്ച നടപടി പുനപരിശോധിക്കണമെന്ന നിയമോപദേശം സര്‍ക്കാര്‍ അവഗണിച്ചു. ഇളവുകള്‍ വാരിക്കോരി നല്‍കിയിട്ടും അതിന്‍റെ നേട്ടമൊന്നും ഉടമകള്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നില്ലെന്ന് ആരോപിച്ച് സമരത്തിന് ഒരുങ്ങുകയാണ് ഭരണാനുകൂല സംഘടനയായ എഐടിയുസി.

കേരള ഗ്രാന്‍റ്‍സ് ആന്‍ഡ് ലീസസ് മോഡിഫിക്കേഷന്‍ ഓഫ് റൈറ്റ്‍സ് ആക്ട് 1980 പ്രകാരമാണ് പ്ളാന്‍റേഷനുകളില്‍ നിന്ന് മുറിക്കുന്ന മരങ്ങള്‍ക്ക് സീനിയറേജ് എന്ന ഇനത്തില്‍ തുക അടയ്ക്കണമെന്ന വ്യവസ്ഥ വന്നത്. ഈ വ്യവസ്ഥയില്‍ നിന്ന് റബ്ബര്‍ മരങ്ങളെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് അടക്കമുളള കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചു. ക്വീബിക് മീറ്ററിന് 2500 രൂപയായിരുന്നു സര്‍ക്കാര്‍ റബ്ബര്‍ മരങ്ങള്‍ക്ക് സീനിയറേജ് ഈടാക്കിയിരുന്നത്. ഈ തുക കുറവ് ചെയ്യുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളായിരുന്നു ഉദ്യോഗസ്ഥ തലത്തില്‍ ഉയര്‍ന്നത്. എങ്കിലും 2018ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഈ തുക പൂര്‍ണമായും വേണ്ടന്നു വച്ചു. 

ഇതിനു പിന്നാലെ ഹാരിസണ്‍ തങ്ങളുടെ തോട്ടങ്ങളില്‍ നിന്ന് റീപ്ലാന്‍റിങ്ങിന്‍റെ പേരില്‍ വന്‍ തോതില്‍ മരങ്ങള്‍ മുറിച്ചുമാറ്റി. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ തിരുമാനം ചോദ്യം ചെയ്ത് ഐഎന്‍ടിയുസി നേതാവും കെപിസിസി അംഗവുമായ സിആര്‍ നജീബ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഖജനാവിലേക്ക് കോടികള്‍ എത്തിയിരുന്ന ഒരു സ്രോതസ് വേണ്ടെന്നു വച്ച തീരുമാനം പുനപരിശോധിക്കാവുന്നതാണെന്ന് സര്‍ക്കാരിന് നിയമോപദേശം കിട്ടി. എന്നാല്‍ ഇത് തളളുകയാണ് സര്‍ക്കാര്‍ ചെയ്തത്.

തോട്ടം നികുതിയും കാര്‍ഷികാദായ നികുതിയും വേണ്ടെന്നു വയ്ക്കുകയും മരങ്ങള്‍ മുറിക്കുമ്പോഴുളള സീനിയറേജ് എടുത്ത് കളയുകയും ചെയ്തിട്ടും തൊഴിലാളി ക്ഷേമത്തിനായി മാനേജ്മെന്‍റുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് എഐടിയുസി ആരോപിക്കുന്നു. മാനേജ്മെന്‍റുകള്‍ നിരത്തുന്ന നഷ്ട കണക്കുകള്‍ സര്‍ക്കാര്‍ അതേ പടി വിശ്വസിക്കുകയാണെന്നും സംഘടന പറയുന്നു.

ഹിരിസണ്‍ മലയാളം ലിമിറ്റഡ് അടക്കം ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് സര്‍ക്കാരുമായി നിയമയുദ്ധം നടത്തുന്ന കമ്പനികള്‍ക്കെല്ലാം സീനിയറേജ് എടുത്തു കളഞ്ഞ തീരുമാനം നേട്ടമാണ്. ഭൂമിയില്‍ സര്‍ക്കാരിനുളള അവകാശ വാദത്തില്‍ നിന്ന് സര്‍ക്കാര്‍ തന്നെ പിന്നോക്കം പോകുന്നതിന് തെളിവായി കമ്പനിക്ക് സർക്കാർ തീരുമാനം വ്യാഖ്യാനിക്കാനുമാവും.