K Rail : 'കെ റെയിൽ സർവേ തുടരും'; സാമൂഹ്യ ആഘാത പഠനവുമായി മുന്നോട്ട് പോകുമെന്ന് റവന്യൂ മന്ത്രി

Published : Apr 03, 2022, 12:09 PM ISTUpdated : Apr 03, 2022, 04:51 PM IST
K Rail : 'കെ റെയിൽ സർവേ തുടരും'; സാമൂഹ്യ ആഘാത പഠനവുമായി മുന്നോട്ട് പോകുമെന്ന് റവന്യൂ മന്ത്രി

Synopsis

ഏതെങ്കിലും എജൻസികൾക്ക് സമയം കൂടുതൽ വേണമെങ്കിൽ അനുവദിക്കുമെന്നും വിവിധ എജൻസികളിൽ ഒന്ന് മാത്രമാണ് രാജഗിരിയെന്നും മന്ത്രി പറഞ്ഞു.

കൊല്ലം: കെ റെയിൽ (K Rail)  സർവേ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ (K Rajan). സാമൂഹ്യ ആഘാത പഠനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതാണ്. ഏതെങ്കിലും എജൻസികൾക്ക് സമയം കൂടുതൽ വേണമെങ്കിൽ അത് അനുവദിച്ചു കൊടുക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. വിവിധ എജൻസികളിൽ ഒന്ന് മാത്രമാണ് രാജഗിരിയെന്നും അദ്ദേഹം പ്രതികരിച്ചു.

മൂന്ന് ജില്ലകളിൽ കെ റെയിൽ സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തിവെച്ചിരുന്നു. എറണാകുളം, ആലപുഴ, പത്തനംതിട്ട ജില്ലകളിൽ പഠനം നടത്തുന്ന രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റേതാണ് തീരുമാനം. ജനങ്ങളുടെ നിസഹകരണം ഈ രീതിയിൽ തുടർന്നാൽ പഠനം മുന്നോട്ട് പോകില്ലെന്ന് ഇതിനായി ചുമതലപ്പെടുത്തിയ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് റവന്യു വകുപ്പിനെ അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം.

കെ റെയിൽ കല്ലിടലിലെ കഠിനവഴിയിൽ താണ്ടുന്നതിനിടെയാണ് സാമൂഹ്യ ആഘാത പഠനത്തിനും തുടക്കത്തിലെ കല്ലുകടി ഉണ്ടാകുന്നത്. മിണ്ടാതെ വന്ന് പൊലീസ് സംരക്ഷണത്തിൽ കല്ല് നാട്ടി പോകുന്ന ഉദ്യോഗസ്ഥ രീതി സാമൂഹ്യആഘാത പഠനത്തിൽ നടപ്പിലാകില്ല. ഓരോ വീട്ടിലും നേരിട്ടെത്തി, വീട്ടുകാരോട് എഴുതി തയ്യാറാക്കിയ ചോദ്യാവലി പ്രകാരം കാര്യങ്ങൾ ആരാഞ്ഞ് മറുപടി രേഖപ്പെടുത്തണം. പദ്ധതി മേഖലയിലെ താമസക്കാരുടെ ആശങ്കകൾ പറഞ്ഞ് തീരും വരെ കേൾക്കണം. സാമൂഹ്യമായും പാരിസ്ഥിതികമായും സാമ്പത്തികമായും പ്രദേശവാസികൾക്ക് ആ മേഖലയിലുമുണ്ടാകുന്ന നഷ്ടങ്ങൾ കണ്ടറിഞ്ഞ് സർക്കാരിന് റിപ്പോർട്ട് നൽകണം. എന്നാൽ ജനങ്ങളുടെ എതിർപ്പ് തുടരുന്നതിനാൽ നിലവിൽ പഠനം അപ്രായോഗികമാണ്. 

കൊച്ചി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്‍റെ ഔട്ട് റീച്ച് വിഭാഗത്തിനാണ് എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ സാമൂഹ്യ ആഘാത പഠനം നടത്താൻ റവന്യു വകുപ്പ് ചുമതല നൽകിയത്. എന്നാൽ, രാജഗിരിയുടെ പഠന സംഘത്തെ ഇന്നലെ എറണാകുളത്ത് തടഞ്ഞിരുന്നു, ഈ സാഹചര്യത്തിലാണ് പഠനം നടത്തുന്നതിലെ ബുദ്ധിമുട്ട് എറണാകുളം ജില്ലാ കലക്ടർ മുഖേന സർക്കാരിനെ അറിയിച്ചത്. ജില്ലയിൽ സംഘം ആദ്യമെത്തിയ അങ്കമാലി പാറക്കടവിൽ ഒരൊറ്റ വീട്ടിൽ പോലും പഠനസംഘത്തെ പ്രവേശിപ്പിച്ചില്ല. പരിസരത്ത് ഏറെ നേരം ചിലവഴിച്ചെങ്കിലും പദ്ധതി വേണ്ടെന്ന അഭിപ്രായത്തിൽ ഉറച്ച നിന്ന പ്രദേശവാസികൾ മറ്റ് കാര്യങ്ങളൊന്നും വിശദീകരിക്കാൻ തയ്യാറായില്ല. ഇതോടെയാണ് പ്രതിസന്ധി ബന്ധപ്പെട്ടവരെ അറിയിക്കാൻ ഏജൻസി തീരുമാനിച്ചത്.

കെ റെയിലിനെയും എറണാകുളം ജില്ല കളക്ടറെയും നിലവിലെ സാഹചര്യം ഏജൻസി ബോധ്യപ്പെടുത്തി. കൃത്യമായ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം നടപടികൾ തുടരാമെന്ന തീരുമാനത്തിലാണ് ഏജൻസി. ആലപ്പുഴയിലും പത്തനംതിട്ടയിലും സാമൂഹ്യാഘാത പഠനം ഇത് വരെയും തുടങ്ങിയിട്ടില്ല. എറണാകുളത്ത് ചോറ്റാനിക്കര ,പിറവം പ്രദേശത്ത് നിർത്തി വെച്ച സർവ്വെ നടപടികൾ തുടരുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജോസ് കെ മാണിയെ വേണ്ടെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ്; പരുന്തിന് മുകളിലെ കുരുവി ജോസ് കെ മാണിയും കൂട്ടരുമെന്ന് മോൻസ് ജോസഫ്
'ജമാഅതെ ഇസ്ലാമി തീവ്രവാദ സംഘടന, അവരുടെ ഭീഷണി അധികകാലം നിലനിൽക്കില്ല'; വിമർശനവുമായി എളമരം കരീം