
തൃശ്ശൂർ: ഇത്തവണത്തെ തൃശ്ശൂർ പൂരം സ്ത്രീ സൗഹൃദമായിരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കുടമാറ്റം അടുത്ത് നിന്ന് കാണാൻ സ്ത്രീകൾക്ക് സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണർ ആർ.ആദിത്യയുടെ നേതൃത്വത്തിൽ 300 വനിതാ പൊലീസുകാർ സുരക്ഷ ഉറപ്പാക്കാനുണ്ടാകും. സ്വരാജ് റൗണ്ടിൽ 5 ബുള്ളറ്റ് പെട്രോൾ ടീം റോന്ത് ചുറ്റുമെന്നും മന്ത്രി അറിയിച്ചു. ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകളെ സഹായിക്കാൻ 7 വാഹനങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിലുണ്ടാവും. നഗരത്തിലെത്തുന്ന സ്ത്രീകളെ സഹായിക്കാനും സംവിധാനമുണ്ടാക്കും. 1515 നമ്പറിൽ വിളിച്ചാൽ എല്ലാ സഹായത്തിനും പിങ്ക് പൊലീസുണ്ടാകുമെന്നും റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സുരക്ഷ ഒരുക്കാൻ കളക്ടറുടെ സിവിൽ ഡിഫൻസ് ഫോഴ്സ്
പൂരം കാണാനെത്തുന്ന സ്ത്രീകൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൌകര്യം ഇക്കുറി ഒരുക്കുമെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി.കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് കൺട്രോൾ റൂമിന് പുറകിൽ ശൗചാലയങ്ങൾ ഒരുക്കും. 50 വനിതാംഗങ്ങളെ ഉൾപ്പെടുത്തി സിവിൽ ഡിഫൻസ് ഫോഴ്സിനെയും തയ്യാറാക്കിയിട്ടുണ്ടെന്ന് ഹരിത വി.കുമാർ അറിയിച്ചു. പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായി 600 സിസിടിവികൾ നഗരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. പൊലീസിന്റെ സെൻട്രൽ കൺട്രോൾ റൂമിലേക്ക് ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ എത്തും. ഇതിനുപുറമേ 100 സിസിടിവികൾ പൂരപ്പറമ്പിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.