
കൊച്ചി: ഭൂമി തരംമാറ്റാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയ മത്സ്യത്തൊഴിലാളി ഒടുവിൽ മാനസിക വിഷമം മൂലം ആത്മഹത്യ (Suicide) ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ മന്ത്രി (Revenue Minister ) കെ രാജൻ. സജീവന്റെ മരണം ദൗർഭാഗ്യകരമാണെന്നും റവന്യൂ വകുപ്പിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. സമഗ്രമായ അന്വേഷണം നടത്തും. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറെ അന്വേഷണത്തിന് നിയോഗിച്ചു. ഒരാഴ്ചക്കുള്ളിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സജീവനെ ഇറക്കിവിട്ട ഫോർട്ട് കൊച്ചിയിലെ ആർ ഡി ഒ ഓഫീസിലെത്തി എഡിഎം എസ് ഷാജഹാൻ വിവരങ്ങൾ ശേഖരിക്കുകയാണ്. ഭുമിതരം മാറ്റം സംബന്ധിച്ച ഫയലുകൾ അദ്ദേഹം പരിശോധിക്കും. ലാൻഡ് റവന്യു ജോയിന്റ് കമീഷണറുടെ നിർദ്ദേശപ്രകാരമാണ് നടപടി.
ദുഷിച്ച ഭരണസംവിധാനവും കൈക്കൂലിയും കാരണം ആത്മഹത്യയെന്ന് കുറിപ്പ് ;മത്സ്യത്തൊഴിലാളി ജീവനൊടുക്കി
കൊച്ചി മാല്യങ്കര കോഴിക്കൽ പറമ്പ് സ്വദേശിയായ സജീവൻ കുടുംബത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി പണം കടംവാങ്ങിയിരുന്നു. ഒടുവില്‍ പുരയിടം പണയംവെച്ച് വായ്പ്പയെടുത്ത് കടം വീട്ടാൻ ആധാരവുമായി ബാങ്കിലെത്തി. എന്നാൽ ആധാരത്തില്‍ ഭൂമി നിലം എന്നാണ് രേഖപ്പെടുത്തിയതെന്നും വായ്പ്പ നൽകാനാകില്ലെന്നും ബാങ്ക് അറിയിച്ചു.
ഇതോടെ നിലം ഭൂമി പുരയിടം എന്നാക്കി മാറ്റുന്നതിനായി സർക്കാർ ഓഫീസുകളെ ബന്ധപ്പെട്ടു. വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, താലൂക്ക് ഓഫീസ്, ഫോര്‍ട്ടുകൊച്ചിയിലെ ആര്‍ഡിഓ ഓഫീസ് എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തോളമായി കയറിയിറങ്ങിയെങ്കിലും ഒന്നും നടന്നില്ല. ഓഫീസുകളിലെ ഉദ്യോഗസ്ഥർ നിയമ നൂലാമാലകൾ പറഞ്ഞ് പിന്നെ വരാനായി പറഞ്ഞ് മടക്കി. ചില ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടു. ഒടുവില്‍ കഴിഞ്ഞ ദിവസം ആര്‍ഡിഓ ഓഫീസിലെത്തിയപ്പോൾ അപമാനിച്ച് ഇറക്കിവിട്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഈ നാട്ടിലെ ദുഷിച്ച ഭരണ സംവിധാനവും കൈക്കൂലിയുമാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പ് എഴുതി വെച്ചാണ് സജീവൻ ജീവനൊടുക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam