സഹായം തേടി കഴിഞ്ഞ ദിവസം ആര്‍ഡിഓ ഓഫീസിലെത്തിയപ്പോൾ അപമാനിച്ച് ഇറക്കിവിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഈ നാട്ടിലെ ദുഷിച്ച ഭരണ സംവിധാനവും കൈക്കൂലിയുമാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പ് എഴുതി വെച്ച് ,ഒടുവില്‍ ഇതേ പുരയിടത്തിലെ മരക്കൊമ്പില്‍ ഒരു മുഴം കയറിൽ സജീവന്‍ ജീവിതം അവസാനിപ്പിച്ചു 

കൊച്ചി: ഭൂമി തരം മാറ്റാന്‍ ഒരു വർഷത്തോളം സര്‍ക്കാര്‍ ഓഫീസുകള്‍ (GOVERNMENT OFFICES)കയറിയിറങ്ങി മടുത്ത മല്‍സ്യത്തൊഴിലാളി മാനസിക വിഷമം മൂലം ആത്മഹത്യ(suicide) ചെയ്തു. പറവൂർ മാല്യങ്കര സ്വദേശി സജീവനാണ് വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചത്. ബാങ്ക് വായ്പ ലഭിക്കുന്നതിന് ,ആധാരത്തില്‍ നിലം എന്നത് പുരയിടം എന്നാക്കി മാറ്റാനിറങ്ങിയ സജീവനെ വിവിധ സർക്കാര്‍ ഓഫീസുകള്‍ വട്ടംകറക്കുകയായിരുന്നു

മാല്യങ്കര കോഴിക്കൽ പറമ്പ് സ്വദേശിയാണ് സജീവന്‍. ഭാര്യയും രണ്ട് മക്കളും മരുമക്കളുമൊത്ത് താമസം. കുടുംബത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി പലയിടത്തു നിന്നും കടംവാങ്ങിയിരുന്നു. ഒടുവില്‍ പുരയിടം പണയംവെച്ച് വായപെയടുത്ത് കടം വീട്ടാൻ ആധാരവുമായി ബാങ്കിലെത്തി. അപ്പോഴാണ് ആധാരത്തില്‍ നിലം എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയിൽപെട്ടത്. പുരയിടം എന്നാക്കിയാലെ ബാങ്കവായ്പ ലഭിക്കൂ. പിന്നെ ഒരു വര്‍ഷമായി ഒട്ടമായിരുന്നു. വില്ലേജ് ഓഫീസ്,പഞ്ചായത്ത് ഓഫീസ്, താലൂക്ക് ഓഫീസ് , ഒടുവില്‍ ഫോര്‍ട്ടുകൊച്ചിയിലെ ആര്‍ഡിഓ ഓഫീസ്.ഇവിടെയെല്ലാം കയറിയിറങ്ങി. പക്ഷെ സര്‍ക്കാർ ഉദ്യോഗസ്ഥര്‍ അങ്ങോട്ടും ഇങ്ങോട്ടും സജീവനെ തട്ടിക്കളിച്ചു. ഒടുവില്‍ കഴിഞ്ഞ ദിവസം ആര്‍ഡിഓ ഓഫീസിലെത്തിയപ്പോൾ അപമാനിച്ച് ഇറക്കിവിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഈ നാട്ടിലെ ദുഷിച്ച ഭരണ സംവിധാനവും കൈക്കൂലിയുമാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പ് എഴുതി വെച്ച് ,ഒടുവില്‍ ഇതേ പുരയിടത്തിലെ മരക്കൊമ്പില്‍ ഒരു മുഴം കയറിൽ സജീവന്‍ ജീവിതം അവസാനിപ്പിച്ചു

ഉടുമുണ്ടില്‍ തിരുകി വെച്ച നിലയിലാരുന്നു സജീവന്‍റെ ആത്മഹത്യാക്കുറിപ്പ്. വടക്കേക്കര പൊലീസ് എത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. മൃതദേഹം ളമശ്ശേരി മെഡിക്കല കോളേജില്‍ പോസ്റ്റമോർട്ടം നടത്തിയശേഷം സംസ്കരിക്കും