'കൂട്ട് നിന്നത് ഉദ്യോഗസ്ഥർ, രേഖകൾ നശിപ്പിച്ചു'; പരുന്തുംപാറയിൽ നടന്നത് മൂന്നാറിനേക്കാൾ വലിയ ഭൂമി കയ്യേറ്റം

Published : Feb 28, 2025, 12:31 PM ISTUpdated : Feb 28, 2025, 12:34 PM IST
'കൂട്ട് നിന്നത് ഉദ്യോഗസ്ഥർ, രേഖകൾ നശിപ്പിച്ചു'; പരുന്തുംപാറയിൽ നടന്നത് മൂന്നാറിനേക്കാൾ വലിയ ഭൂമി കയ്യേറ്റം

Synopsis

പീരുമേട് വില്ലേജിലെ 534 മഞ്ചുമല വില്ലേജിലെ 441 എന്നീ സർവേ നമ്പരിലുള്ള സ്ഥലത്താണ് വ്യാപകമായി കയ്യേറ്റം നടന്നത്. ഈ രണ്ടു വില്ലേജുകളിലെയും സർവേ നമ്പരുകൾ പരസ്പരം മാറ്റിയിട്ട് പട്ടയങ്ങൾ നൽകിയതായി റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്.

മൂന്നാർ: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നടന്നിരിക്കുന്നത് മൂന്നാറിനേക്കാൾ വലിയ ഭൂമി കയ്യേറ്റമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കയ്യേറ്റത്തിന് റവന്യൂ സർവേ ഉദ്യോഗസ്ഥർ കൂട്ടു നിന്നതായും ഐജി കെ.സേതുരാമൻ, മുൻ ഇടുക്കി ജില്ല കളക്ടർ എച്ച്. ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. കയ്യേറ്റം മറച്ചു വയ്ക്കാൻ റവന്യൂ രേഖകൾ ഉദ്യോഗസ്ഥർ മനപൂർവം നശിപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

രേഖകളിലുള്ളതിനേക്കാൾ ഭൂമി മിക്കവരുടെയും കൈവശമുണ്ടെന്നും ഡിജിറ്റൽ സർവേയിൽ ഉൾപ്പെടുത്തി രേഖകൾ തരപ്പെടുത്താൻ നീക്കം നടക്കുന്നതായും റിപ്പോർട്ടിലുണ്ട്. അന്വേഷണത്തിനായി ഐ.എ.എസ് തലത്തിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താൻ അന്വേഷണ സംഘം  ശുപാർശ ചെയ്തിട്ടുണ്ട്. ഇടുക്കിയിലെ പരുന്തുംപാറയിലുള്ള സർക്കാർ ഭൂമിയിൽ വൻതോതിൽ കയ്യേറ്റം നടന്ന സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടു വന്നത്. തുടർന്ന് ഹൈക്കോടതി നിയോഗിച്ച ഐജി കെ സേതുരാമൻറെയും മുൻ കളക്ടർ എച്ച് ദിനേശൻറെയും നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തു. ഈ അന്വേഷണത്തിലാണ് പുരുന്തും പാറയിലെ വൻകിട കയ്യേറ്റവും ഉദ്യോഗസ്ഥരുടെ ക്രമക്കേടുകളും കണ്ടെത്തിയത്. 

പീരുമേട് വില്ലേജിലെ 534 മഞ്ചുമല വില്ലേജിലെ 441 എന്നീ സർവേ നമ്പരിലുള്ള സ്ഥലത്താണ് വ്യാപകമായി കയ്യേറ്റം നടന്നത്. ഈ രണ്ടു വില്ലേജുകളിലെയും സർവേ നമ്പരുകൾ പരസ്പരം മാറ്റിയിട്ട് പട്ടയങ്ങൾ നൽകിയതായി റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. ഇവിടങ്ങളിൽ വ്യാപകമായി കുന്നിടിച്ച് നിരത്തി വൻകിട കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കാലാകാലങ്ങളിൽ വന്ന റവന്യൂ – സർവേ ഉദ്യോഗസ്ഥരുടെ സഹായങ്ങളും കയ്യേറ്റകാർക്ക് ലഭിച്ചിട്ടുണ്ട്. പുറമ്പോക്ക് ഭൂമി പതിച്ച് നൽകാൻ പാടില്ലെന്ന ചട്ടവും നാലേക്കറിൽ കൂടുതൽ പട്ടയം അനുവദിക്കരുതെന്ന നിയമവും ഉദ്യോഗസ്ഥർ ലംഘിച്ചു. 

പതിച്ചു നൽകിയ ഭൂമിയേക്കാൾ അധികം സ്ഥലം മിക്കവരും കൈവശം വച്ചിട്ടുണ്ട്. അതിനാൽ കൈവശമുള്ള ഭൂമിയുടെ അതിരുകൾ പട്ടയം നൽകിയ ഭൂമിയുടെ സ്കെച്ചുമായി യോജിക്കുന്നില്ല. പട്ടയും നൽകുന്നതിന് ആധാരമായ രജിസ്റ്ററുകൾ താലൂക്ക് ഓഫീസിൽ നിന്നും നശിപ്പിക്കപ്പെട്ടത് കയ്യേറ്റക്കാരെ സഹായിക്കാനാണെന്നാണ് സംഘത്തിൻറെ കണ്ടെത്തൽ. സർക്കാർ ഭൂമി അതിര് തിരിച്ചിടാത്തത് കയ്യേറ്റക്കാർക്ക് ഗുണകരമായി. 

രണ്ടു വില്ലേജുകളിലും ഡിജിറ്റൽ സർവ്വേ നടക്കുന്നതിനാൽ കൈവശം വച്ചിരിക്കുന്ന ഭൂമി ഇതിലുൾപ്പെടുത്തി റെക്കോർഡുകൾ തരപ്പെടുത്താനുള്ള ശ്രമം ഇപ്പോൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.  കയ്യേറ്റം സംബന്ധിച്ച കൂടുതൽ പരിശോധനകൾക്ക് ഇടുക്കി സബ് കലക്ടറെയോ, ഐ.എ.എസ് തലത്തിലുള്ള ഉദ്യോഗസ്ഥനെയോ ചുമതലപ്പെടുത്തണമെന്നും വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന റവന്യൂ ഉദ്യോഗസ്ഥരെ ഇടുക്കി ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറ്റണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

Read More : സഹപാഠികൾ നായ്ക്കരുണപ്പൊടി എറിഞ്ഞു, പത്താം ക്ലാസുകാരിയുടെ ശരീരമാകെ ചൊറിഞ്ഞ് തടിച്ചു; ഒരു മാസമായി ദുരിതത്തിൽ
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി
പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'