
തിരുവനന്തപുരം:കേരള എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഒന്നാം റാങ്ക് നേടി തിരുവനന്തപുരം സ്വദേശി ജോഷ്വ ജേക്കബ് തോമസ്. ആദ്യം പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ അഞ്ചാം റാങ്കായിരുന്നു ജോഷ്വ നേടിയിരുന്നത്.
നേരത്തെ അഞ്ചാം റാങ്ക് ലഭിച്ചതിലും സന്തോഷമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അത് ഒന്നാം റാങ്കിലെത്തിയപ്പോള്‍ കൂടുതൽ സന്തോഷമുണ്ടെന്നും ജോഷ്വാ ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ റാങ്കിനെക്കുറിച്ച് ആലോചിച്ചായിരുന്നില്ല ടെൻഷൻ. കീം പരീക്ഷാ ഫലം റദ്ദാക്കിയപ്പോള്‍ ഞാനടക്കമുള്ള വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച് ആലോചിച്ചായിരുന്നു ടെൻഷൻ.
നല്ല റാങ്ക് ലഭിച്ച പലരും പ്രതീക്ഷിച്ച കോളേജുകളിൽ ഇനി പ്രവേശനം ലഭിക്കുമോയെന്നതടക്കമുള്ള കാര്യത്തിൽ ആശങ്കയിലായിരുന്നു. ഇപ്പോള്‍ പെട്ടെന്ന് തന്നെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ബോര്‍ഡ് പരീക്ഷയ്ക്ക് പഠിക്കാൻ നിശ്ചിത സമയവും കീം പരീക്ഷക്കായി നിശ്ചിത സമയവും മാറ്റിവെച്ചുകൊണ്ടായിരുന്നു പഠനം. അതിനാൽ തന്നെ രണ്ടിലും മികച്ച പ്രകടനം നടത്തനായി. കീം പരീക്ഷയിൽ റാങ്ക് പ്രതീക്ഷിച്ചിരുന്നു.
അഞ്ചാം റാങ്ക് കിട്ടിയപ്പോള്‍ തന്നെ ഏറെ സന്തോഷമായിരുന്നു. ആദ്യ റാങ്ക് പട്ടികയിൽ മികച്ച റാങ്ക് നേടിയവര്‍ക്കും ഇപ്പോള്‍ മികച്ച റാങ്ക് നേടിയവര്‍ക്കുമെല്ലാം അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്. എല്ലാവരും മികച്ച പ്രയത്നം നടത്തി അധ്യാപകരുടെയടക്കം പിന്തുണയോടെയാണ് മികച്ച ഫലം നേടിയെടുത്തത്. സര്‍ക്കാര്‍ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് പറയേണ്ടത് താനല്ല.
പക്ഷേ, ജൂലൈ ഒന്നിന് പ്രോസ്പെക്ടസ് മാറ്റിയത് ശരിയായ നടപടിയായിരുന്നില്ല. ആദ്യം തന്നെ ആ മാറ്റം നടത്തിയിരുന്നെങ്കിൽ പ്രശ്നമുണ്ടാകില്ല. ആദ്യമേ ചെയ്തിരുന്നെങ്കിൽ അതിനനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെ സമീപിക്കമായിരുന്നുവെന്നും ജോഷ്വാ ജേക്കബ് തോമസ് പറഞ്ഞു.
കീം ആദ്യ റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടർന്നാണ് പഴയ ഫോർമുല പിന്തുടർന്ന് പുതിയ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെടുകയായിരുന്നു.
കീം പരീക്ഷയുടെ പുതുക്കിയ ഫലത്തിൽ ആകെ 76,230 വിദ്യാർഥികളാണ് യോഗ്യത നേടിയത്. ഒന്നാം റാങ്ക് അടക്കം വലിയ മാറ്റമാണ് പുതിയ റാങ്ക് പട്ടികയിലുള്ളത്. കേരള സിലബസിലുള്ള കുട്ടികള്‍ റാങ്ക് പട്ടികയില്‍ പിന്നിലായി. ആദ്യ 100 റാങ്കിൽ 21 പേര്‍ മാത്രമാണ് കേരള സിലബസില്‍ നിന്നുള്ളത്. നേരത്തെ ആദ്യ നൂറിൽ 43 പേര് കേരള സിലബസുകാർ ആയിരുന്നു.
നേരത്തെ പ്രസിദ്ധികരിച്ച പട്ടികയിലെ ഒന്നാം റാങ്കുകാരന് പുതിയ പട്ടികയില്‍ ഏഴാം റാങ്കാണ്. സിബിഎസ്ഇ സിലബസുകാരനായ രണ്ടാം റാങ്കുകാരന്‍റെ റാങ്കില്‍ മാറ്റമില്ലെങ്കിലും കേരള സിലബസുകാരനായ മൂന്നാം റാങ്കുകാരന്‍ പുതിയ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു .എട്ടാം റാങ്കിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ റാങ്ക് 185 ആയി. നിലവിൽ ഒന്നാം റാങ്ക് തിരുവനന്തപുരം സ്വദേശി ജോഷ്വ ജേക്കബ് തോമസിനാണ്. രണ്ടാം റാങ്ക് എറണാകുളം സ്വദേശി ഹരികേഷൻ ബൈജുവിനാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam