
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതിയുടെ കാലാവധി ആറുമാസം കൂടി ദീർഘിപ്പിച്ചു. സമിതിയുടെ കാലാവധി ആറുമാസം കൂടി ദീർഘിപ്പിച്ചുള്ള സർക്കാർ ഉത്തരവ് തയ്യാറായിട്ടുണ്ടെന്ന് ധനമന്ത്രി ഡോ തോമസ് ഐസക് അറിയിച്ചു. ആറ് മാസത്തെ കാലാവധിയില്‍ നിയമിച്ച പുനഃപരിശോധന കമ്മിറ്റിയുടെ കാലാവധി 2019 മെയ് ആറ് വരെയായിരുന്നു. കാലാവധി കഴിയുന്നതോടെ പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാര്‍ ആശങ്കയിലാവുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആറ് മാസത്തെ കാലാവധിയില്‍ നിയമിച്ച പുനഃപരിശോധന കമ്മിറ്റിയുടെ കാലാവധി 2019 മെയ് ആറിന് കഴിയുന്നതോടെ പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാര്‍ ആശങ്കയിലായി. 2018 നവംബര്‍ ഏഴിന് നിയമിച്ച കമ്മറ്റിക്ക് സര്‍ക്കാര്‍ ഇതുവരെ ഓഫീസോ സ്റ്റാഫിനെയോ നല്‍കിയിരുന്നില്ല. ഒരു സിറ്റിങ് പോലും നടത്താതെയാണ് കമ്മീഷന്‍ കാലാവധി മെയ് ആറിന് അവസാനിച്ചത്. വാര്‍ത്ത വന്നതോടെയാണ് മന്ത്രി വിശദീകരണവുമായി എത്തിയത്.
സമിതിയുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് മെയ് രണ്ടാം തീയതി ഫയലിൽ ഒപ്പുവെച്ചതാണ്. സമിതിയുടെ ഓഫീസ് പ്രവർത്തനങ്ങൾക്കായി മുടവൻമുകളിൽ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സമിതിയുടെ കാലാവധി അവസാനിച്ചൂവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും ധനമന്ത്രി പറഞ്ഞു.