
കൊച്ചി: ബിജെപി കോർകമ്മിറ്റി യോഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരനെതിരായ ആരോപണങ്ങളെ ചൊല്ലി പാർട്ടിക്കുള്ളിൽ തർക്കം. പഴ്സണൽ സ്റ്റാഫിൽ കോൺഗ്രസ് ബന്ധമുള്ളവരെ നിയമിച്ചതും, ഡിആർഡിഒ തട്ടിപ്പ് കേസിൽ ഉൾപ്പെട്ടയാൾ മന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നതുമാണ് കൃഷ്ണദാസ് പക്ഷം ആയുധമാക്കിയത്. പാർട്ടിക്കുള്ളിലെ ഉൾപ്പോര് തീർക്കാൻ ആർ.എസ്.എസ് നിർദേശ പ്രകാരമായിരുന്നു യോഗം.
പ്രവാസി മടക്കത്തിൽ സംസ്ഥാന സർക്കാരും മുരളീധരനും തമ്മിലുള്ള വാക്പോരിനെ ചൊല്ലിയാണ് യോഗം തുടങ്ങിയത്. വീഡിയോ കോൺഫറൻസ് വഴി കേന്ദ്രമന്ത്രി വി മുരളീധരനും യോഗത്തിൽ പങ്കെടുത്തു. വൈകാതെ പി കെ കൃഷ്ണദാസ് വിഭാഗം കടുത്ത ആരോപണങ്ങൾ ഉയർത്തി.
കോൺഗ്രസ് ബന്ധമുള്ളവരാണ് വി.മുരളീധരന്റെ പേഴ്സണൽ സ്റ്റാഫിൽ ഉള്ളത്. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ ഉൾപ്പടെ ഇവരുടെ തീരുമാനങ്ങളാണ് നടപ്പിലാകുന്നത്. പാർട്ടി അംഗങ്ങളെക്കാൾ സ്വാധീനം മന്ത്രിയിൽ ഇവർക്കുണ്ടെന്നും കൃഷ്ണദാസ് പക്ഷം യോഗത്തിൽ ആരോപിച്ചു.എന്നാൽ ആരോപണങ്ങളെല്ലാം സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നിഷേധിച്ചു. കൊവിഡിനെ തുടർന്ന് മാസങ്ങൾക്ക് ശേഷമാണ് ബിജെപി കോർകമ്മിറ്റി യോഗം ചേരുന്നത്. നേരത്തെ ഓൺലൈനായി നേതാക്കൾ യോഗം ചേർന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam