
തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പിൽ (Organaisational election) മത്സരിക്കുമെന്ന കെ. സുധാകരൻറെ (K Sudhakaran) പ്രസ്താവനയെ പിന്തുണച്ചും ഗ്രൂപ്പുകളുടെ എതിർപ്പ് തള്ളിയും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിവാദം ശക്തമാകുന്നതിനിടെ മത്സരിക്കുമോ ഇല്ലയോ എന്ന് ഉറപ്പിച്ച് പറയാനാകില്ലെന്ന് സുധാകരൻ വിശദീകരിച്ചു. സമവായത്തിനില്ലെങ്കിൽ മത്സരവുമായി മുന്നോട്ട് പോകാനാണ് എ-ഐ ഗ്രൂപ്പുകളുടെ നീക്കം.
സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് നീങ്ങുമ്പോൾ പാർട്ടി വീണ്ടും കലങ്ങിമറിയുന്ന കാഴ്ചയാണ് കോൺഗ്രസിൽ കാണുന്നത്. പുന:സംഘടനയിൽ മുറിവേറ്റ എ,ഐ ഗ്രൂപ്പുകളുടെ അമർഷം ഇരട്ടിയാക്കുന്നതായിരുന്നു മത്സരിക്കുമെന്ന കെപിസിസി അധ്യക്ഷൻറെ പ്രസ്താവന. സംഘടനാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കേണ്ട അധ്യക്ഷൻ മത്സരിക്കുമ്പോൾ പിന്നെ എങ്ങിനെ സമവായമെന്നാണ് ഗ്രൂപ്പുകളുടെ ചോദ്യം.
എന്നാൽ എതിർപ്പുകൾ അവഗണിച്ച് സുധാകരൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് സതീശൻ ഇന്ന് പിന്തുണ പ്രഖ്യാപിച്ചതോടെ രംഗം മുറുക്കി. വിഷയത്തിൽ അങ്ങോട്ട് പോയി സമവായം ആവശ്യപ്പെടേണ്ടെന്നാണ് എ-ഐ ഗ്രൂപ്പുകളുടം നിലപാട്. ഇങ്ങോട്ട് വന്നാൽ ചർച്ചയാകാം. ഏകപക്ഷീയമായ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ചർച്ചയിൽ എതിർപ്പും അറിയിക്കും. സമവായത്തിനില്ല എന്നാണ് നേതൃത്വത്തിൻറെ നിലപാടെങ്കിൽ പൊതുസ്ഥാനാർത്ഥിയെ സുധാകരനെതിരെ ഗ്രൂപ്പുകൾ നിർത്താൻ തന്നെയാണ് നീക്കം. മേൽത്തട്ടിലെ മത്സരം ഒഴിവാക്കാൻ ഹൈക്കമാൻഡ് തന്നെ ഇടപെടാൻ സാധ്യതയേറെയാണ്. പിരിമുറുക്കം വർധിക്കുന്നതിനിടെ കോൺഗ്രസിൻ്റെ അംഗത്വ വിതരണം മറ്റന്നാൾ തുടങ്ങും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam