
കൊല്ലം: കടയ്ക്കൽ ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്‍റെ ഭാഗമായി നടത്തിയ ഗാനമേളയിൽ വിപ്ലഗാനം പാടിയതിൽ നടപടിക്ക് ഒരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അംഗീകരിക്കാനാകാത്ത കാര്യമെന്നും ദേവസ്വം വിജലിന്‍സ് അന്വേഷിക്കുമെന്നും പ്രസിഡന്‍റ് പി.എസ് പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഗവര്‍ണര്‍ക്ക് പരാതി നൽകി.
അതേസമയം, വിവാദത്തിൽ പ്രതികരണവുമായി ഗായകൻ അലോഷി ആദം രംഗത്തെത്തി. പരിപാടിയിൽ പങ്കെടുക്കാത്തവരാണ് വിവാദമുണ്ടാക്കുന്നുതെന്ന് ഗായകൻ അലോഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാണികളുടെ ആവശ്യ പ്രകാരമാണ് പാട്ടുകൾ പാടിയതെന്നും എല്ലാവരും കൂടെ ചേർന്ന് പാടുകയും കയ്യടിക്കുകയും ചെയ്തുവെന്നും അലോഷി ആദം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവിടെയുള്ളവരെല്ലാം നന്നായി ആസ്വദിച്ചു.
പരിപാടിയിൽ പങ്കെടുക്കാത്തവരാണ് വിവാദം ഉണ്ടാക്കുന്നത്. എന്നിൽ നിന്ന് ആസ്വാദകർ പ്രതീക്ഷിക്കുന്ന ചില പാട്ടുകൾ ഉണ്ട്. ആ പാട്ടുകളൊക്കെ പാടി. അവിടെ ഉണ്ടായിരുന്ന എൽഇഡി ഓപ്പറേറ്റർ പാട്ടിന് ഉചിതമായ ചിത്രങ്ങൾ പിന്നണിയിൽ കാണിച്ചതാവാം. അതിനെ കുറിച്ച് തനിക്ക് അറിയില്ല. പാർട്ടിക്കാർ മാത്രമല്ല തന്‍റെ പാട്ടുകൾ ആസ്വദിക്കുന്നത്. ലീഗുകാർ പോലും 100 പൂക്കളെ പാട്ട് പാടാൻ പറഞ്ഞിട്ടുണ്ടെന്നും അലോഷി ആദം പറഞ്ഞു.
കടയ്ക്കൽ ക്ഷേത്രോത്സവത്തിൽ കഴിഞ്ഞ പത്തിനാണ് ആലോഷിയുടെ ഗാനമേളയിൽ വിപ്ലവ ഗാനങ്ങളായ പുഷ്പനെ അറിയാമോ, 100 പൂക്കളെ എന്നീ പാട്ടുകളടക്കം പാടിയത്. സ്റ്റേജിലെ എൽഇഡി സ്ക്രീനിൽ ഡിവൈഎഫ്ഐയുടെ കൊടിയും സിപിഎമ്മിന്‍റെ അടയാളവും പാട്ടിനൊടൊപ്പം പ്രദര്‍ശിപ്പിച്ചു ഇത് വിവാദമായതോടെയാണ് ക്ഷേത്രോത്സവം രാഷ്ട്രീയ പ്രചാരണ വേദിയാക്കാതിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തള്ളിപ്പറയുന്നത്.
ക്ഷേത്രം ഉപദേശക സമിതിയോട് ബോര്‍ഡ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് പറഞ്ഞു. ക്ഷേത്രങ്ങളിലും പരിസരത്തും രാഷ്ട്രീയ ജാതി മത സംഘടനകകളുടെ കൊടികളോ ചിഹ്നങ്ങളോ പ്രദര്‍ശിപ്പിക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ ബാധ്യസ്ഥമാണെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
ക്ഷേത്രത്തിന്‍റെ പവിത്രത നഷ്ടപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം ജില്ലാ വൈസ് പ്രസിഡന്‍റ് ആദര്‍ശ് ഭാര്‍ഗവനാണ് ഗവര്‍ണര്‍ക്ക് പരാതി നൽകിയത്. ബിജെപിക്ക് ഇടം ഉണ്ടാക്കി കൊടുക്കാനാണോ ക്ഷേത്രോത്സവത്തിൽ വിപ്ലവ ഗാനം പാടിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. കാണികളുടെ ആവശ്യപ്രകാരമാണ് പാട്ടുകള്‍ പാടിയതെന്നാണ് ഗായകൻ അലോഷി വ്യക്തമാക്കിയത്. വ്യാപാരി വ്യവസായി സമിതിയാണ് ഗാനമേള സംഘടിപ്പിച്ചതെന്നും ഉത്സവത്തിൽ രാഷ്ട്രീയ കലര്‍ത്തിയിട്ടില്ലെന്നുമാണ് ഉത്സവ കമ്മിറ്റിയുടെ വാദം.
ഇതിനിടെ, ദേവസ്വം ബോർഡിന്‍റെ അന്വേഷണമല്ല നടപടിയാണ് വേണ്ടതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഒരു ആരാധനാലയത്തിലാണ് ഡിവൈഎഫ്ഐ സിന്ദാബാദും പുഷ്പനെ അറിയാമോ എന്നും പാടിയത്. പാടിയത് ലോകം മുഴുവൻ കണ്ടുവെന്നും പിന്നെ എന്ത് തെളിവെടുപ്പും അന്വേഷണവുമാണ് നടത്തേണ്ടതെന്നും എൻകെ പ്രേമചന്ദ്രൻ ചോദിച്ചു. ക്ഷേത്ര പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് പാർട്ടിക്കാരെ മാത്രമാണെന്നും എൻകെ പ്രേമചന്ദ്രൻ ആരോപിച്ചു. ഇതിനിടെ, കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് വിപ്ലവഗാനം പാടിയതിനെതിരെ ബിജെപി കടയ്ക്കൽ ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു
ലിബിന്‍റെ മരണത്തിൽ വഴിത്തിരിവ്; ബെംഗളൂരുവിൽ ഒപ്പം താമസിച്ച യുവാവ് കര്‍ണാടക പൊലീസിന്‍റെ കസ്റ്റഡിയിൽ