Latest Videos

പ്രളയകാലത്ത് അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച അരി പുഴുവരിച്ച് നശിച്ചു

By Web TeamFirst Published Aug 2, 2021, 3:00 PM IST
Highlights

പഞ്ചായത്തില്‍ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ ജില്ലാ ഭരണകൂടം അരി എത്തിച്ചത്. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായ ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ച് പോയതോടെ അരി വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല.
 

കോഴിക്കോട്: 2018ലെ പ്രളയ കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച അരിയില്‍ ഭൂരിഭാഗവും പുഴുവരിച്ച് നശിച്ചതോടെ കുഴിച്ചു മൂടി. മുക്കം കാരശ്ശേരി പഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തില്‍ സൂക്ഷിച്ച അരിയാണ് പുഴുവരിച്ച് നശിച്ചതോടെ മണ്ണുമാന്തി ഉപയോഗിച്ച് കുഴിച്ച് മൂടിയത്. സിവില്‍ സപ്ലൈസ് വകുപ്പ് തിരിച്ചെടുത്തതില്‍ ബാക്കി വന്ന അരിയാണ് നശിച്ചതെന്നാണ് പഞ്ചായത്ത് നല്‍കുന്ന വിശദീകരണം.

പഞ്ചായത്തില്‍ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ ജില്ലാ ഭരണകൂടം അരി എത്തിച്ചത്. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായ ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ച് പോയതോടെ അരി വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് ഈ അരി സിവില്‍ സപ്ലൈസ് വകുപ്പിനോട് തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടെന്നാണ് അന്നത്തെ ഭരണ സമിതി അംഗങ്ങളുടെ വിശദീകരണം. എന്നാല്‍ കുഷ്ടരോഗാശുപത്രിയിലേക്കും ഒരു അനാഥാലയത്തിനും വീതിച്ച് നല്‍കാനായിരുന്നു കിട്ടിയ നിര്‍ദ്ദേശം. നിര്‍ദ്ദേശമനുസിരിച്ച് വിതരണം ചെയ്തിട്ടും 18 ചാക്ക് ബാക്കി വന്നു.

അരിയുടെ ഗുണനിലവാരം പരിശോധിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് സര്‍ക്കാര്‍ ലാബിലേക്ക് സാമ്പിള്‍ അയച്ചിരുന്നു. എന്നാല്‍ കാലിത്തീറ്റ നിര്‍മാണത്തിന് പോലും ഉപയോഗിക്കാനാവാത്ത സ്ഥിതിയില്‍ ആണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് ഭരണ സമിതി ചേര്‍ന്ന് അരി കുഴിച്ച്  മൂടാന്‍ തീരുമാനമെടുത്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 


 

click me!