തമിഴ്നാട്ടിൽ ഗവർണർ - സർക്കാർ പോര് തുടരുന്നു, ഗവർണർ പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ച് വിദ്യാഭ്യാസ മന്ത്രി

Published : Jul 14, 2022, 06:53 AM IST
തമിഴ്നാട്ടിൽ ഗവർണർ - സർക്കാർ പോര് തുടരുന്നു, ഗവർണർ പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ച് വിദ്യാഭ്യാസ മന്ത്രി

Synopsis

മധുര കാമരാജ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികളെ ഗവർണറുടെ ഓഫീസ് ഒറ്റയ്ക്ക് തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ചടങ്ങ് ബഹിഷ്കരിച്ചത്. 

ചെന്നൈ: ഒരിടവേളക്ക് ശേഷം തമിഴ്നാട് ഗവർണറും  സംസ്ഥാന സർക്കാരും തമ്മിലുള്ള ഉരസൽ തുടരുന്നു (Rift Between Tamilnadu Governor and DMK Government). ഗവർണ‍ർ ആർ.എൻ.രവി പങ്കെടുത്ത മധുര കാമരാജ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.പൊൻമുടി പങ്കെടുത്തില്ല. ബിരുദദാന ചടങ്ങിൽ ഗവർണർ രാഷ്ട്രീയം തിരുകാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ബഹിഷ്കരണം.

മധുര കാമരാജ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികളെ ഗവർണറുടെ ഓഫീസ് ഒറ്റയ്ക്ക് തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ചടങ്ങ് ബഹിഷ്കരിച്ചത്. സാധാരണ വൈസ് ചാൻസലറാണ് അതിഥികളെ നിശ്ചയിക്കുക. പക്ഷേ ഉന്നതവിദ്യാഭ്യാസ മന്ത്രിയും പ്രോ വൈസ് ചാൻസലറുമായ തന്‍റെ ഓഫീസുമായി കൂടിയാലോചിക്കാതെ ഗവർണറുടെ ഓഫീസിന്‍റെ മാത്രം നിർദേശപ്രകാരം അതിഥികളെ നിശ്ചയിച്ചെന്നാണ് മന്ത്രിയുടെ പരാതി. ചടങ്ങിൽ താൻ പങ്കെടുക്കില്ലെന്ന് അദ്ദേഹം മുൻകൂട്ടി അറിയിച്ചിരുന്നു.

ഗവർണർ ബിജെപിയുടെ ഏജന്‍റിനെപ്പോലെ പ്രവർത്തിക്കുന്നുവെന്നും സർവകലാശാലാ വിദ്യാർത്ഥികളുടെ മനസ്സിലേക്ക് ബിജെപി രാഷ്ട്രീയം കുത്തിനിറയ്ക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ചടങ്ങിനെത്തിയ ഗവർണർക്ക് നേരെ വിവിധ വിദ്യാർത്ഥി സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

സ്റ്റാലിൻ സർക്കാരും ഗവർണർ ആർ.എൻ.രവിയും തമ്മിൽ തുടക്കം മുതൽ തന്നെ രസത്തിലല്ല. ഭരണഘടനാ സ്ഥാനത്തിരുന്ന് ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നാണ് ഡിഎംകെയുടെ ആരോപണം. മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടും വ്യംഗ്യത്തിലും ഇത് പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. സർക്കാർ പാസാക്കുന്ന ബില്ലുകളിൽ ഒപ്പുവയ്ക്കാതെയും പ്രമേയങ്ങൾ രാഷ്ട്രപതിക്ക് അയക്കാതെയും നിസ്സഹകരിക്കുന്നതിൽ പ്രതിഷേധിച്ച് ഗവ‍ർണർ പങ്കെടുക്കുന്ന ചടങ്ങുകൾ നേരത്തേയും മന്ത്രിമാർ ബഹിഷ്കരിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം