
ആലപ്പുഴ: മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്‍റ് സുഭാഷ് വാസുവിന്‍റെ നേതൃത്വത്തിൽ എസ്എൻഡിപിയിൽ വിമതനീക്കം ശക്താമാകുന്നു. മൈക്രോഫിനാൻസ് തട്ടിപ്പിൽ ക്രൈബ്രാഞ്ച് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് സുഭാഷ് വാസുവും വെള്ളാപ്പള്ളിയുമായി തർക്കം രൂക്ഷമായത്. നേരത്തെ എസ്എൻഡിപി ഭരണനേതൃത്വം പിടിക്കാൻ ശ്രമിച്ച് പുറത്തുപോയവരിൽ ഒരു വിഭാഗത്തിന്‍റെ പിന്തുണ സുഭാഷ് വാസുവിനുണ്ട്. അതേസമയം, സംഘടനയിലെ പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നുവെന്ന വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കാൻ തുഷാർ വെള്ളാപ്പള്ളി തയ്യാറായില്ല.
അടുത്ത കാലം വരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വിശ്വസ്തനായിരുന്ന സുഭാഷ് വാസു. എസ്എൻഡിപി താലൂക്ക് യൂണിയൻ പ്രസിഡന്‍റിന് പുറമെ ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം. എന്നാൽ ബിഡിജെഎസിലെയും എസ്എൻഡിപിയിലെയും ഉന്നത പദവി നൽകാത്തതിനെ ചൊല്ലി സുഭാഷ് വാസുവും നേതൃത്വവുമായി അഭിപ്രായഭിന്നയുണ്ടായി.
പിന്നാലെ എസ്എൻഡിപിയുടെ ഭാരവാഹികളിൽ ചിലരെ തന്‍റെ പക്ഷത്ത് നിർത്തി വെള്ളാപ്പള്ളിക്കെതിരെ സുഭാഷ് വാസു വിമതനീക്കം ശക്തമാക്കി. അതിനു ശേഷമാണ് മൈക്രോഫിനാൻസ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ ക്രൈബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
എസ്എൻഡിപി യോഗത്തെ വെളളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്ന് സുഭാഷ് വാസു ആരോപിക്കുന്നു. യോഗത്തിൽ വലിയ ക്രമക്കേടുകൾ നടക്കുന്നുണ്ട്. വൈകാതെ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തും. സംഘടന പിളർത്താനുള്ള അംഗബലം തന്‍റെ ഒപ്പമുണ്ടെന്നും സുഭാഷ് വാസു അവകാശപ്പെടുന്നു. നേരത്തെ എസ്എൻഡിപി വിട്ട് പുറത്ത് പോയ ഗോകുലം ഗോപലന്‍റെ അടക്കം പിന്തുണ സുഭാഷ് വാസുവിന് ഉണ്ടെന്നാണ് സൂചന. ഇതോടൊപ്പം ടി.പി സെൻകുമാറിനെ മുന്നിൽ നിർത്തി ബിജെപിയിലെ ഒരു വിഭാഗവും എസ്എൻഡിപി പിളർത്താൻ ശ്രമിക്കുന്നുണ്ട്. അതേസമയം, സംഘടനയിലെ പൊട്ടിത്തെറിയെക്കുറിച്ച് പരസ്യപ്രതികരണത്തില്ലെന്ന് വെള്ളപ്പാള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും പറഞ്ഞു.
സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം അടക്കം എല്ലാം നൽകിയിട്ടും സുഭാഷ് വാസു നേതൃത്വത്തിന് എതിരെ തിരിഞ്ഞതിൽ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് ഒദ്യോഗിക വിഭാഗം. പരമാവധി താലൂക്ക് യൂണിയനുകളിൽ പ്രമേയം പാസാക്കി സുഭാഷ് വാസുവിനെയും കൂട്ടരെയും പുറത്താക്കാനുള്ള നീക്കം നടക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam