പേനകൊണ്ട് കണ്ണിന് കുത്തേറ്റ് എല്‍കെജി വിദ്യാര്‍ത്ഥി; ആശുപത്രിയിലെത്തിക്കാതെ അധ്യാപകര്‍; കേസെടുത്തു

By Web TeamFirst Published Dec 10, 2019, 7:15 PM IST
Highlights

കാഴ്‍ച തിരിച്ച് കിട്ടുമോയെന്നത് സംബന്ധിച്ച് ഉറപ്പ് പറയാനാകില്ലെന്ന് ഡോക്ടര്‍
 

കോഴിക്കോട്: സഹപാഠി കണ്ണില്‍ പേനകൊണ്ട് കുത്തിയതിനെ തുടര്‍ന്ന് പരിക്കേറ്റ എല്‍കെജി വിദ്യാര്‍ത്ഥിയെ സ്കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് പരാതി. കണ്ണിന് ഗുരുതര പരിക്കേറ്റ നാലര വയസുകാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് പുതുപ്പാടി മണല്‍വയല്‍ എകെടിഎഎല്‍പി സ്കൂള്‍ എല്‍കെജി വിദ്യാര്‍ത്ഥിയാണ് പരിക്കേറ്റ തന്‍വീര്‍.

ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചത് അമ്മയെ വിളിച്ച് വരുത്തിയ ശേഷം മൂന്ന് മണിക്ക്. സ്കൂട്ടറില്‍ താനാണ് മകനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് അമ്മ ലൈല പറഞ്ഞു. കുട്ടിക്ക് പരിക്ക് പറ്റിയത് സംബന്ധിച്ച് ഹെഡ്‍മാസ്റ്റര്‍ അടക്കമുള്ളവരെ ക്ലാസ് ടീച്ചര്‍ അറിയിച്ചില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. കൃഷ്ണമണിക്ക് ആഴത്തില്‍ മുറിവുണ്ട്. അതുകൊണ്ട് തന്നെ കാഴ്ച തിരിച്ച് കിട്ടുമോ എന്നത് സംബന്ധിച്ച് ഇപ്പോള്‍ പറയാനാകില്ലെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ വ്യക്തമാക്കി.  

കുട്ടിക്ക് പരിക്ക് പറ്റിയ കാര്യം അറിഞ്ഞില്ലെന്നാണ് സ്‍കൂള്‍ ഹെഡ്‍മാസ്റ്റര്‍ പറഞ്ഞത്. എന്നാല്‍ സംഭവം അറിഞ്ഞ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിയെന്നും  ചികിത്സാ ചിലവ് ഏറ്റെടുത്തെന്നും സ്‍കൂള്‍ ഹെഡ്മാസ്റ്റര്‍ അറിയിച്ചു. അതേസമയം രേഖാമൂലം പരാതി നല്‍കാന്‍ ഇപ്പോള്‍ താല്‍പ്പര്യമില്ലെന്ന നിലപാടിലാണ് കുട്ടിയുടെ മാതാപിതാക്കള്‍. ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്. 


 

click me!