
ദില്ലി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അമിത അധികാര കേന്ദ്രീകരണത്തിലും ഏകപക്ഷീയ നടപടികളിലും രൂക്ഷവിമർശനവുമായി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. കമ്മീഷനിലെ ഭിന്നത സംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ അതീവ ഗൗരവമുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം എതിർത്തിട്ടും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും, ഇത്തരം നടപടികൾ മൂലം സി ഇ സിയുടെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടതിനാൽ അദ്ദേഹത്തിന് ഇനി ആ പദവിയിൽ തുടരാൻ അർഹതയില്ലെന്നും എം എ ബേബി ചൂണ്ടിക്കാട്ടി. നിയമപ്രകാരം കമ്മീഷനിലെ തീരുമാനങ്ങൾ ഐക്യത്തോടെയോ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ചോ ആകണം നടപ്പിലാക്കേണ്ടത്. സി ഐ ആർ പ്രക്രിയ സുതാര്യമാണെന്ന സി ഇ സിയുടെ വാദം തെറ്റാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ദില്ലി അടക്കമുള്ള ഇടങ്ങളിൽ പ്രമുഖർക്ക് പോലും രേഖകൾ നിർബന്ധമായി ഹാജരാക്കേണ്ട അവസ്ഥയാണുള്ളത്. അതിനാൽ സി ഐ ആർ നടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി നിർദ്ദേശപ്രകാരം പ്രതിപക്ഷ നേതാവ് കൂടി ഉൾപ്പെടുന്ന സമിതി മുഖേന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും ബേബി ആവശ്യപ്പെട്ടു.
വിഷയം കേവലം 'ഇന്ത്യ' സഖ്യത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും ചേർന്ന് സംയുക്തമായി ചർച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനാ സ്ഥാപനങ്ങളിൽ സഹിക്കാൻ കഴിയാത്ത കാര്യങ്ങൾ നടക്കുന്നത് കൊണ്ടാണ് കമ്മീഷണർമാർക്ക് പോലും എതിർപ്പുമായി രംഗത്തുവരേണ്ടി വന്നത്. ആര് നിയമിച്ചവർ ആണെങ്കിലും സഹിക്കാൻ ആവാത്ത കാര്യങ്ങൾ നടക്കുന്നു എന്നത് ഗൗരവമായ കാര്യമാണ്. വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ മൊത്തത്തിൽ ചർച്ച നടത്തണമെന്നും ബേബി ആവശ്യപ്പെട്ടു. രാജ്യത്ത് അന്വേഷണാത്മക മാധ്യമപ്രവർത്തനം മരിച്ചില്ലെന്ന് ഇന്ന് കണ്ടു എന്നും ഇത് പ്രതീക്ഷ നൽകുന്നതാണെന്നും സി പി എം ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. അതേസമയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതയെന്ന വാർത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. കഴിഞ്ഞ 10 മാസത്തിനിടെ 14 തവണയാണ് കമ്മീഷനിലെ തീരുമാനങ്ങളിൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും വിയോജിപ്പ് അറിയിച്ചെന്നായിരുന്നു വാർത്ത. പശ്ചിമ ബംഗാളിലെ വോട്ടർമാർക്കെതിരായ അപ്പീലുകൾ, പുതിയ വോട്ടർമാർക്കുള്ള ഫോം ആറിലെ ചോദ്യങ്ങൾ, പോർട്ടലിന്റെ പൂർണ്ണ നിയന്ത്രണം കേന്ദ്രീകരിച്ചത് തുടങ്ങിയ കാര്യങ്ങളിൽ സി ഇ സി ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തതാണ് കമ്മീഷനിൽ വൻ ഭിന്നതയ്ക്ക് വഴിവെച്ചത്.
അതേസമയം മാസപ്പടി കേസിലെ ഇ ഡിയുടെ കത്തിന്‍റെ പേരിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരായ അന്വേഷണ നീക്കത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കടുത്ത വിമർശനവും ബേബി ഉന്നയിച്ചു. ഇ ഡിക്കെതിരെ ഇന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നൽകിയ സത്യവാങ്മൂലം സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഒന്ന് ഇരുത്തി വായിച്ചു നോക്കണമെന്നായിരുന്നു ബേബി പറഞ്ഞുവച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam