
കൊച്ചി: കേരളത്തിലെ സർവ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്ന് തിമിർത്താടുകയാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ. ഒരു ഉപതെരഞ്ഞെടുപ്പിൽ വലതു മുന്നണി ജയിച്ചതേ ഉള്ളു. അപ്പോഴേക്കും കേരളത്തിലെ സർവ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്ന് തിമിർത്താടുകയാണ്. ശ്രദ്ധിച്ചാൽ കേരളത്തിന് കൊള്ളാമെന്നാണ് ബെന്യാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ മുന്നറിയിപ്പ്.
നേരത്തെ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് പിന്തുണയറിയിച്ച സാഹിത്യകാർക്കെതിരായ വിമര്‍ശനങ്ങൾക്ക് ബെന്യാമിൻ മറുപടി നൽകിയിരുന്നു. എഴുത്തുകാർ രാഷ്ട്രീയം പറയാൻ പാടില്ലെന്ന് ചിലർ വാദിക്കുന്നത് ഉറച്ച ജന്മിത്തബോധത്തിൽനിന്നാണെന്ന് ബെന്യാമിൻ പറഞ്ഞു. എഴുത്തുകാർ സാധാരണ പൗരന്മാരാണ്. അവർക്ക് ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും അനുവദിച്ചിരിക്കുന്ന എല്ലാ അവകാശങ്ങളുമുണ്ട്.
അവർ രാഷ്ട്രീയം പറയും. വോട്ട് ചെയ്യും, വോട്ട് ചോദിക്കും. അതിന്‍റെ പേരിൽ പോയ്‌പ്പോകുമെന്ന് കരുതുന്ന വായനക്കാർ പോയ്ക്കോട്ടെ എന്ന് വയ്ക്കും. അതിനു കെൽപ്പില്ലാത്ത അരാഷ്ട്രീയ കഴുതകൾ തങ്ങളുടെ സങ്കടം കരഞ്ഞു തീർക്കട്ടെയെന്നും ബെന്യാമിൻ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.