
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ മൂന്നാമത്തെ ബലാത്സംഗ കേസിലെ അറസ്റ്റിൽ പ്രതികരിച്ച് റിനി ആൻ ജോർജ്. കേസ് രാഷ്ട്രീയപ്രേരിതം അല്ലെന്നും ഇനിയും അതിജീവിതകളുണ്ട്, അവർ മുന്നോട്ട് വരണമെന്നും റിനി പ്രതികരിച്ചു. പരാതിക്കാരിക്ക് അഭിനന്ദനങ്ങളെന്ന് പറഞ്ഞ റിനി രാഹുൽ അധികാര സ്ഥാനത്ത് തുടരരുതെന്നും വ്യക്തമാക്കി. ഇത്രയധികം സൈബർ അറ്റാക്ക് നേരിടുന്ന വിഷയമായിട്ടും ധൈര്യത്തോടെ മുന്നോട്ട് വന്നതിൽ പെൺകുട്ടിക്ക് അഭിനന്ദനം അറിയിക്കുന്നു. രാഷ്ട്രീയ പ്രേരിതമായ കേസല്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. മൂന്നാമത്തെ പരാതി വന്നിരിക്കുന്ന സാഹചര്യം നമുക്കറിയാം. ആരോപണവിധേയനായ വ്യക്തി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണ്. സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ പൊതുമധ്യത്തിൽ ഉന്നയിച്ച വിഷയം കൂടിയാണിതെന്നും റിനി പറഞ്ഞു. ഒന്നോ രണ്ടോ മൂന്നോ അതിജീവിതകൾ മാത്രമല്ല, ഇനിയും അതിജീവിതകളുണ്ട്, അവർ ധൈര്യപൂർവം മുന്നോട്ട് വരണമെന്നും റിനി പറഞ്ഞു. ഇനിയും മറഞ്ഞിരിക്കരുത്. നിങ്ങളുടെ നീതി നിങ്ങൾ തന്നെ കണ്ടത്തണമെന്നും റിനി കൂട്ടിച്ചേർത്തു. ജനങ്ങൾ വിശ്വസിക്കുന്ന ആളുകൾ അധികാര സ്ഥാനങ്ങളിലിരുന്ന് എന്താണ് ചെയ്യുന്നതെന്ന് നമ്മൾ ചിന്തിക്കണമെന്നും ഇത്തരത്തിലുള്ളവർ ഇത്തരം സ്ഥാനങ്ങളിൽ ഇരിക്കാൻ യോഗ്യരാണോ എന്ന കാര്യം പ്രബുദ്ധ സമൂഹം ആലോചിക്കേണ്ടിയിരിക്കുന്നു എന്നാണ് തനിക്ക് പറയാനുള്ളതെന്നും റിനി വിശദമാക്കി.
നിരന്തര പരാതികൾക്കും ഒളിവ് ജീവിതത്തിനും കോടതി ഇടപെടലുകൾക്കും ഒടുവിൽ മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് ഉറപ്പാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. തെളിവുകൾ എല്ലാം ശേഖരിച്ച് ലോക്കൽ പോലിസിനെ പോലും അറിയിക്കാതെ അര്‍ദ്ധരാത്രി എസ്ഐടി നടത്തിയ നീക്കമാണ് അറസ്റ്റിലേക്ക് എത്തിയത്. പത്തനംതിട്ട പൊലീസ് ക്യാമ്പിലെ ചോദ്യം ചെയ്യലിന് ശേഷം തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മാവേലിക്കര സ്പെഷ്യൽ ജയിലിലേക്ക് മാറ്റും.
ഒന്നും രണ്ടും പരാതികൾ കേസിലേക്ക് എത്തിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ ആഴ്ചകളോളം ഒളിവിലായിരുന്നു. അറസ്റ്റ് തടയണമെന്ന നിയമപരിരക്ഷ പിന്നാലെ നേടി. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്‍റെ നേരിട്ടുള്ള അന്വേഷണത്തിലായിരുന്നു മൂന്നാം പരാതി. തുടക്കത്തിലെ തെളിവുകളെല്ലാം ശേഖരിച്ചു. പരാതിക്കാരിയുടെ മൊഴി വീഡിയോ കോൺഫറൻസിംഗ് വഴി രേഖപ്പെടുത്തി. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും മാത്രമല്ല മുൻ പരാതികളിൽ നിന്ന് വ്യത്യസ്തമായി സാമ്പത്തിക ചൂഷണത്തിനെതിരെയും ഉണ്ട് പരാതി.
ലോക്കൽ പോലിസിലേക്ക് പോലും വിവരങ്ങൾ ചോരാതെ അതീവ ശ്രദ്ധയോടെയാണ് എസ്ഐടി കേസ് കൈകാര്യം ചെയ്തത്. എസ് പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ പഴുതടച്ച നീക്കങ്ങൾക്ക് ഒടുവിൽ പന്ത്രണ്ടരയോടെ പ്രത്യേക അന്വേഷണ സംഘം പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ചിരുന്ന മുറിക്ക് സമീപം എത്തി. തുടക്കത്തിൽ പ്രതിരോധിച്ച രാഹുൽ പിന്നെ അറസ്റ്റിന് വഴങ്ങി. ഹോട്ടൽ മുറി പൊലീസ് നീരീക്ഷണത്തിലാണ്. ഭാരതീയ ന്യായ സംഹിത 376 ബലാത്സംഗം , 506 തെളിവുനശിപ്പിക്കൽ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. നിയമസഭാംഗമായ പ്രതി പരാതിക്കാരേയും സാക്ഷികളേയും ഭീഷണിപ്പെടുത്തുമെന്നും സ്വാധീനിക്കാനിടയുണ്ടെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അറസ്റ്റ് മെമ്മോയിൽ പറയുന്നു. സമാനമായ രണ്ട് ലൈംഗിക പീഡന കേസ് വേറെയുണ്ട്. നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഒളിവിൽ പോകുന്നത് പതിവാണ്. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അറസ്റ്റ് അനിവാര്യമാണെന്നും വ്യക്തമാക്കുന്നതാണ് അറസ്റ്റ് മെമ്മോ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam