പ്രളയത്തിൽ മണ്ണൊലിച്ച് പോയതോടെ വറ്റിയ പുഴകൾ; നേരിടേണ്ടത് കൊടിയ വരൾച്ചയെയോ?

By Web TeamFirst Published Mar 7, 2019, 4:09 PM IST
Highlights

പ്രളയത്തില്‍ വെള്ളം കുത്തിയൊലിച്ചപ്പോള്‍ മേല്‍മണ്ണ് ഏറെ നഷ്ടമായി.വെള്ളം വലിച്ചെടുത്ത് സൂക്ഷിക്കാനുള്ള ശേഷി ഇതോടെ മിക്ക പുഴകള്‍ക്കും നഷ്ടപ്പെട്ടു. തുലാവര്‍ഷം മോശമായതും നേരത്തെ തന്നെ പുഴകള്‍ വറ്റാന്‍ കാരണമായി

കോഴിക്കോട്: സംസ്ഥാനത്തെ പുഴകള്‍ മുന്‍ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി നേരത്തെ വറ്റി വരളുകയാണ്. മഹാപ്രളയത്തെത്തുടര്‍ന്ന് നദീതടങ്ങള്‍ തകര്‍ന്നതോടെ വെള്ളം പിടിച്ച് നിര്‍ത്താനുള്ള ശേഷി നഷ്ടപ്പെട്ടതാണ് പുഴകള്‍ വരളാന്‍ കാരണമായി വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

സംസ്ഥാനത്തെ 44 പുഴകളില്‍ മിക്കതിലും വെള്ളം കുറയുകയാണ്. ചിലത് വറ്റി വരണ്ട് കഴിഞ്ഞു. വേനലിന്‍റെ തുടക്കത്തില്‍ തന്നെ പുഴകള്‍ വറ്റുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. പ്രളയത്തില്‍ വെള്ളം കുത്തിയൊലിച്ചപ്പോള്‍ മേല്‍മണ്ണ് ഏറെ നഷ്ടമായി.വെള്ളം വലിച്ചെടുത്ത് സൂക്ഷിക്കാനുള്ള ശേഷി ഇതോടെ മിക്ക പുഴകള്‍ക്കും നഷ്ടപ്പെട്ടു. തുലാവര്‍ഷം മോശമായതും നേരത്തെ തന്നെ പുഴകള്‍ വറ്റാന്‍ കാരണമായി.

തുലാവര്‍ഷത്തില്‍ ഏറ്റവും കുറച്ച് മഴകിട്ടിയ വടക്കന്‍ കേരളത്തിലാണ് സ്ഥിതി രൂക്ഷം. മലയോര മേഖലയിലെ പ്രധാന പുഴകളെല്ലാം വറ്റി.ഇവിടെ വരള്‍ച്ച രൂക്ഷമാണ്.വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ പ്രശ്നം അതീവ ഗുരുതരമാവും. മഴ കിട്ടുമ്പോള്‍ വെള്ളം സംഭരിച്ച് പതുക്കെ പുറം തള്ളുന്ന പുഴകളുടെ സ്വാഭാവിക സ്വഭാവം തിരികെ കിട്ടും വരെ നീരൊഴുക്കില്‍ കാര്യമായ കുറവ് ഉണ്ടാകുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന സൂചന.

click me!