
തൃശൂർ: കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി നർത്തകൻ ആർഎൽവി രാമകൃഷ്ണൻ. സത്യഭാമയ്ക്കെതിരെ ഉടൻ പരാതി നൽകുമെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. സത്യഭാമയ്ക്കെതിരെ പൊലീസിനും സാംസ്കാരിക വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും ആർഎൽവി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വേദി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതിൽ സന്തോഷമുണ്ട്. കലക്കുവേണ്ടി സുരേഷ് ഗോപിയുമായി സഹകരിക്കും. സിനിമാരംഗത്ത് നിന്നും ഇങ്ങനെയൊരു സഹായം കിട്ടാൻ ഇത്ര വർഷം വേണ്ടിവന്നു. എങ്കിലും സന്തോഷമുണ്ട്. കലാമണ്ഡലം സത്യഭാമയുടെ പരാമർശത്തിന് ശേഷം വലിയ പിന്തുണയാണ് കിട്ടുന്നത്. മുന്നോട്ടുപോകാൻ ഈ പിന്തുണ ഊർജ്ജമാണെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.
കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെയാണ് ആര്‍എല്‍വി രാമകൃഷ്ണന് വേദി നൽകുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ സുരേഷ് ഗോപി പ്രഖ്യാപിച്ചത്. കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. പ്രതിഫലം നൽകിത്തന്നെയാണ് ക്ഷണിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. സർക്കാരിനെതിരായ വികാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും വിവാദത്തിൽ കക്ഷി ചേരാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രണ്ട് ദിവസം മുമ്പ് തന്നെ എല്ലാവരും വേട്ടയാടി. അതിന്റെ സത്യം പുറത്ത് വന്നപ്പോഴാണ് പുതിയ വിവാദം ഉണ്ടാക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കലാമണ്ഡലം ഗോപിയുടെ നിലപാടിനെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗോപിയാശാന്‍റെയും കുടുംബത്തിന്‍റേയും രാഷ്ട്രീയ ബാധ്യത ഹനിക്കില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
സത്യഭാമയുടെ വിവാദ പരാമര്‍ശം:
"മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല"- എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന.
'13കാരിയെ രണ്ടാനമ്മയുടെ പിന്തുണയോടെ പീഡിപ്പിച്ചു': 70കാരനടക്കം നാലുപേര്‍ക്ക് കഠിന തടവ്
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam