
വടകര: കല്ലാമലയിലെ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കാലത്തുണ്ടായ വിവാദങ്ങളിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അതിരൂക്ഷവിമർശനവുമായി ആർഎംപി രംഗത്ത്. മുല്ലപ്പള്ളി വഞ്ചന കാട്ടിയെന്നും കല്ലാമല തർക്കം തദ്ദേശതെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കല്ലാമല തർക്കം തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണുണ്ടാക്കിയത്. പാർട്ടിക്ക് കിട്ടേണ്ട നിരവധി സീറ്റുകൾ ഇതുവഴി നഷ്ടമായി. ടി.പി ചന്ദ്രശേഖരൻ്റെ ചോരയുടെ ബലത്തിലാണ് വടകരയിൽ നിന്ന് ജയിച്ചതെന്ന കാര്യം മുല്ലപ്പള്ളി രാമചന്ദ്രൻ മറക്കരുത്. ടിപി ചന്ദ്രശേഖരൻ്റെ വധം ഉയർത്തി കൊണ്ടു വന്ന അക്രമവിരുദ്ധ രാഷ്ട്രീയത്തിനെതിരായ വികാരമാണ് 2009-ലും 2014-ലും മുല്ലപ്പള്ളിയേയും 2019-ൽ കെ മുരളീധരനേയും വടകരയിൽ ജയിപ്പിച്ചത്. ടിപി ചന്ദ്രശേഖരൻ്റെ ചോരയുടെ ബലമാണ് ഇതെല്ലാം.
ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും വടകര മുൻസിപ്പാലിറ്റിയിലും മുല്ലപ്പള്ളി എടുത്ത നിലപാട് കാരണം ജനകീയ മുന്നണിക്ക് തിരിച്ചടിയായി. മുല്ലപ്പള്ളി നാടായ അഴിയൂർ പഞ്ചായത്തിൽ നാല് സീറ്റെങ്കിലും നഷ്ടപ്പെട്ടു. വടകര ബ്ലോക്ക് പഞ്ചായത്തിലെ നാല് ഡിവിഷനിലെ തോൽവിക്കും അനാവശ്യവിവാദം കാരണമായി.
ജനകീയ മുന്നണിയെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ അട്ടിമറിച്ചു. സ്ഥാനാർത്ഥിത്വം റദ്ദാക്കിയിട്ടും കല്ലാമലയിൽ ജയകുമാറിനായി കോൺഗ്രസ് പ്രവർത്തിക്കുന്ന അവസ്ഥയുണ്ടായി. തദ്ദേശതെരഞ്ഞെടുപ്പിൽ ജയകുമാറിന് 387 വോട്ടുകൾ എങ്ങനെ കിട്ടിയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും എൻ.വേണു പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam